കോഴിക്കോട്: വടിവാൾ കാണിച്ച് ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ കല്ലാനി മാട്ടുമ്മൽ ഹൗസിൽ മുഹമ്മദ് അനസ് ഇ കെ (26) കുന്ദമംഗലം നടുക്കണ്ടിയിൽ ഗൗരീശങ്കരത്തിൽ ഷിജിൻദാസ് എൻ പി (27) പാറോപ്പടി മാണിക്കത്താഴെ ഹൗസിൽ അനു കൃഷ്ണ (24) എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്‌ച പുലർച്ചെ കോഴിക്കോട്ട് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്‌ജിലായിരുന്നു സംഭവം. തിങ്കളാഴ്ച ഇവർ ഡോക്ടറുമായി പരിചയപ്പെട്ടിരുന്നു. തുടർന്ന് ഡോക്ടറുടെ റൂം മനസ്സിലാക്കി പുലർച്ചെ ആയുധവുമായി മുറിയിൽ എത്തുകയായിരുന്നു. കൈയിൽ പണം ഇല്ല എന്ന് പറഞ്ഞപ്പോൾ ഗൂഗിൾപേ വഴി 2500 രൂപ ട്രാൻഫർ ചെയ്യിപ്പിക്കുകയായിരുന്നു. പ്രതികൾ ലഹരിമരുന്നിന് അടിമകളാണ്. ലഹരി മരുന്ന് വാങ്ങാനാണ് കവർച്ച നടത്തിയത്.
ടൗൺ ഇൻസ്പെക്ടർ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും, കോഴിക്കോട് ആന്റി നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇവർ ഉപയോഗിച്ച ബൈക്ക് മൊബൈൽ ഫോണുകൾ, വടിവാളുകൾ പോലീസ് കണ്ടെടുത്തു.