കോഴിക്കോട്: ചാലിയാറിന്റെ ഓളപ്പരപ്പിൽ ആവേശം തീർത്ത് ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി. ചാലിയാർ വള്ളംകളിയിൽ വയൽക്കര വെങ്ങാട് ജലരാജാക്കന്മാരായി. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ സ്ഥിരം വേദിയായി ചാലിയാറിനെ മാറ്റുമെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.
ഹീറ്റ്സ് മുതൽ ഫൈനൽ വരെ ആവേശത്തിന്റെ കൊടുമുടി തീർത്താണ് മൂന്നാമത് ചാലിയാർ വള്ളംകളിക്ക് തിരശ്ശീല വീണത്. ചാലിയാർ പുഴയുടെ ഓളങ്ങളിൽ തുഴയെറിഞ്ഞ് മാറ്റുരച്ചത് ഒമ്പത് ടീമുകളായിരുന്നു. ഹീറ്റ്സിലും ലൂസേഴ്സ് ഫൈനലിലും ഫോട്ടോഫിനിഷിംഗ് ആസ്വദിക്കാൻ ഫറോക്ക് പാലത്തിലും ചാലിയാറിന്റെ ഇരുകരകളിലും തിങ്ങിനിറഞ്ഞവർക്കായി.
ഫൈനലിൽ എതിരാളികളായ ന്യൂ ബ്രദേഴ്സ് മയ്യിച്ചയെയും എകെജി പൊടോത്തുരുത്തിയെയും ബഹുദൂരം പിന്നിലാക്കിയാണ് വയൽക്കര വെങ്ങാട് ഫിനിഷിംഗ് പോയിന്റ് തൊട്ടത്. വള്ളംകളിയിലൂടെ കേരളത്തിന്റെ ടൂറിസം മേഖലയെ കൂടുതൽ വളർത്താൻ സാധിക്കുമെന്ന് മത്സരം ഉദ്ഘാടനം ചെയ്ത മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.
തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കണ്ടിരുന്ന വള്ളംകളി ആവേശം മലബാറിലും കാണാനായത് ഏറെ സന്തോഷകരമാണെന്ന് മുഖ്യാതിഥിയായ ചലച്ചിത്രതാരം ആസിഫലി പറഞ്ഞു
എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ പിടിഎ റഹീം, കോഴിക്കോട് മേയർ ഡോ.എം.ബീന ഫിലിപ്പ്, ഫറോക്ക് നഗരസഭ ചെയർമാൻ എൻ സി അബ്ദുൽ റസാഖ്, കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് തുടങ്ങിയവർ സംബന്ധിച്ചു.