ഡീപ് ഫേക്ക് തട്ടിപ്പിൽ സംസ്ഥാനത്ത് ആദ്യത്തെ അറസ്റ്റ്. ഡീപ് ഫേക്ക് വഴി കോഴിക്കോട് സ്വദേശിയുടെ പണം തട്ടിയ ഗുജറാത്ത് സ്വദേശിയെ ആണ് അറസ്റ്റ് ചെയ്തത്. ഗുജറാത്തിൽ മെഹസേന സ്വദേശി ഷേക്ക് മുർത്ത സാമിയ ഹയാത്ത് ഭായ് എന്ന പ്രതിയെ കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസാണ് പിടികൂടിയത്.
ഇക്കഴിഞ്ഞ ജൂലൈ ഒമ്പതിനാണ് ഡീപ് ഫേക്ക് വഴി ഷേക്ക് മുർത്ത സാമിയ ഹയാത്ത് ഭായ് കോഴിക്കോട് സ്വദേശിയായ വയോധികന്റെ പക്കൽ നിന്നും പണം തട്ടിയത്. കേന്ദ്ര ഗവൺമെൻറ് സ്ഥാപനത്തിൽ നിന്നും റിട്ടയർ ചെയ്ത കോഴിക്കോട് സ്വദേശിയെ അദ്ദേഹത്തിൻറെ സഹപ്രവർത്തകനായിരുന്ന ആന്ധ്ര സ്വദേശിയാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഉപയോഗിച്ച് ആന്ധ്ര സ്വദേശിയായ സുഹൃത്തിന്റേതിന് സാമ്യമുള്ള ശബ്ദത്തിൽ വാട്സ് ആപ്പ് വോയിസ് കോൾ ചെയ്തു. ആന്ധ്ര സ്വദേശിയായ സുഹൃത്തിന്റെ വീഡിയോ ചിത്രം ഡീപ് ഫേക്ക് വഴി തയ്യാറാക്കി പണം ആവശ്യപ്പെടുകയായിരുന്നു. തന്റെ ഭാര്യ സഹോദരിക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നും അതിനായി 40000 രൂപ നൽകണമെന്നുമായിരുന്നു ആവശ്യപ്പെട്ടത്. നിലവിൽ അമേരിക്കയിൽ കഴിയുന്ന ആന്ധ്ര സ്വദേശിയായ തന്റെ സുഹൃത്താണ് അതെന്ന് വിശ്വസിച്ച് കോഴിക്കോട് സ്വദേശിയായ റിട്ടയേർഡ് ഉദ്യോഗസ്ഥൻ ഗൂഗിൾ പേ നമ്പറിൽ പണം അയച്ചു കൊടുക്കുകയായിരുന്നു. പിന്നീട് വീണ്ടും കൂടുതൽ പണം ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് കോഴിക്കോട് സംശയം തോന്നിയത്. തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. കോഴിക്കോട് സിറ്റി സൈബർ പൊലീസും കമ്മീഷണറുടെ സ്ക്വാഡും ചേർന്നാണ് ഗുജറാത്തിലെ മെഹസേനയിൽ നിന്നും ഷേക്ക് മുർത്തു സാമിയ ഹയത്ത് ഭായിയെ പിടികൂടിയത്. തട്ടിപ്പിന് പിന്നിൽ വലിയൊരു സംഘമുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. ഈ സംഘത്തിന് കുറ്റകൃത്യങ്ങൾ നടത്താനാവശ്യമായ ബാങ്ക് അക്കൗണ്ടുകൾ സംഘടിപ്പിച്ചു നൽകുന്ന ആളാണ് ഹയാത്ത് ഭായ്. ഇയാൾക്കെതിരെ ഗുജറാത്തിലും കർണാടകയിലും സമാനമായ കേസുകൾ ഉണ്ട്. നിരവധി മൊബൈൽ നമ്പറുകളും ഫോണുകളും ഉപയോഗിക്കാറുള്ള പ്രതി ഗുജറാത്തിലും മുംബൈയിലും ഗോവയിലും ബിഹാറിലുമായി മാറിമാറി താമസിച്ചു വരികയായിരുന്നു. അതിനിടെയാണ് ഇയാൾ കോഴിക്കോട് സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ ദിനേശ് കോറോത്തിന്റെയും സംഘത്തിന്റെയും പിടിയിലായത്.