കൊല്ലം: കൊല്ലം കുരീപ്പുഴയിലെ മലിന ജലസംസ്കരണ പ്ലാന്റ് നിർമ്മാണം അന്തിമഘട്ടത്തിൽ. മേയർ പ്രസന്നത്തിന്റെ നേതൃത്വത്തിൽ സ്ഥിരം സമിതി അധ്യക്ഷരും, കൗൺസിലർമാരും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നിർമ്മാണ പുരോഗതി വിലയിരുത്തി. 122 കോടി രൂപ യാണ് പ്ലാന്റ് നിർമ്മാണത്തിനായി ചെലവിടുന്നത്.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 122 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന മലിനജല പ്ലാന്റ് 2022 ഫെബ്രുവരി 11നാണ് നിർമ്മാണം ആരംഭിച്ചത്. കോർപ്പറേഷനിലെ 12 വാർഡുകളിൽ നിന്നുള്ള മലിനജലം സംസ്കരിക്കുന്നതിനുള്ള പദ്ധതിയാണിത്. വാർഡുകളിൽ നിന്നും പ്ലാന്റിലേക്ക് പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നത് പൂർത്തിയാകാത്തതിനാൽ മലിനജലം നേരിട്ട് ശേഖരിച്ച് വാഹനങ്ങളിൽ പ്ലാനിൽ എത്തിക്കും. 85 ശതമാനം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായതിനാൽ ഡിസംബർ ആദ്യവാരത്തോടെ പ്ലാന്റ് പ്രവർത്തന സജ്ജമാകുമെന്ന് മേയർ പ്രസന്ന പറഞ്ഞു.
ആദ്യഘട്ടത്തിൽ മലിനജല ശുദ്ധീകരണം മാത്രമാണ് നടക്കുക. രണ്ടാംഘട്ടത്തിൽ ശൗചാലത്തിൽ നിന്നുള്ള മാലിന്യവും മലിന ജലവും എത്തിച്ച് സംസ്കരണം നടത്തി ജലം ശുദ്ധീകരിച്ച് അഷ്ടമുടിക്കായലിലേക്ക് ഒഴുക്കും. സാങ്കേതിക തടസ്സങ്ങളും കോവിഡും പ്ലാന്റിൽ വെള്ളം കയറിയതുമാണ് പ്ലാന്റിന്റെ നിർമ്മാണം വൈകാൻ കാരണമായത്. ഡെപ്യൂട്ടി മേയർ കൊല്ലം മധു കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷരായ പവിത്ര, ഹണി,ഉദയകുമാർ, എ. കെ. സവാദ്, സവിത ദേവി, തുടങ്ങിയവരും മറ്റു കൗൺസിലർമാരും മേയർക്കൊപ്പം ഉണ്ടായിരുന്നു.