Share this Article
കാമുകിയെ വിളിച്ചുവരുത്തി ക്രൂരമായി മർദിച്ച് കാലിലൂടെ കാർ കയറ്റി; ഉന്നത ഉദ്യോഗസ്ഥന്റെ മകനെതിരെ പോസ്റ്റ്
വെബ് ടീം
posted on 15-12-2023
20 min read
Bureaucrat's Son Allegedly Runs Car Over Girlfriend in Thane

താനെ: കാമുകിയെ ക്രൂരമായി മർദിക്കുകയും വാഹനം ഇടിപ്പിക്കുകയും ചെയ്തെന്ന് ഉന്നത ഉദ്യോഗസ്ഥന്റെ മകനെതിരെ പരാതി. ഇരുപത്തിയാറുകാരിയായ പ്രിയ സിങ്ങിന്റെ കാലിലൂടെയാണ് കാർ കയറ്റിയത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

മഹാരാഷ്ട്ര റോഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ അനിൽ ഗെയ്ക്‌വാദിന്റെ മകൻ അശ്വജിത് ഗെയ്കവാദിനെതിരെ പൊലീസ് കേസെടുത്തു. കാമുകന്റെ ക്രൂരത വിവരിച്ച് യുവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടു. ഇൻസ്റ്റഗ്രാമിൽ ഒരു മില്യണിലധികം ഫോളോവേഴ്സുള്ള യുവതിയാണ് പ്രിയ സിങ്.


അഞ്ച് വർഷമായി അശ്വജിത്തുമായി ബന്ധമുണ്ടെന്ന് പ്രിയ പറഞ്ഞു. പുലർച്ചെ നാല് മണിയോടെ അശ്വജിത് വിളിച്ച് കുടുംബത്തിൽ ഒരു പരിപാടി ഉണ്ടെന്നും പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടു. സ്ഥലത്തെത്തിയപ്പോൾ അശ്വജിത് മോശമായി പെരുമാറുകയായിരുന്നു. ഇതെക്കുറിച്ച് സ്വകാര്യമായി സംസാരിക്കാൻ അശ്വജിത്തിനെ ഒഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചു. എന്നാൽ കൂട്ടുകാരോടൊപ്പം എത്തി അവഹേളിക്കുകയായിരുന്നു. 

തുടർന്ന് അടിക്കുകയും ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. അശ്വജിത്തിനെ തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും തലമുടി പിടിച്ചു വലിച്ച് നിലത്തിട്ടു. കാറിലുണ്ടായിരുന്ന ഫോണും മറ്റും എടുക്കാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവറോട് വാഹനം ഇടിപ്പിക്കാൻ അശ്വജിത്ത് ആവശ്യപ്പെടുകയായിരുന്നു.

വാഹനം ഇടിച്ച് ഗുരുതരമായി പരുക്കേറ്റ പ്രിയ അര മണിക്കൂറോളം റോഡിൽ കിടന്നു. തുടർന്ന് അതുവഴി പോയ ആളാണ് ആശുപത്രിയിലെത്തിച്ചത്. ദേഹമാസകലം പരുക്കേറ്റ നിലയിലായിരുന്നു യുവതി.  എന്നാൽ കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തില്ലെന്ന് പൊലീസ് അറിയിച്ചു. 

തന്റെ വലത് കാലിന് ഒടിവുണ്ടെന്നും ശസ്ത്രക്രിയ ചെയ്ത് കമ്പിയിടേണ്ടിവന്നുവെന്ന് പ്രിയ പറഞ്ഞു. കൈയിലും പുറത്തും വയറിലും മുറിവേറ്റിട്ടുണ്ട്. 3-4 മാസത്തേക്ക് ചികിത്സ വേണ്ടിവരും. അടുത്ത ആറു മാസത്തേക്ക് നടക്കാന്‍ പരസഹായം വേണ്ടിവരുമെന്നും പ്രിയ പൊലീസിനോടു പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories