Share this Article
രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി.ഗണേഷ് കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
വെബ് ടീം
posted on 29-12-2023
1 min read
KB Ganesh Kumar and Ramachandran Kadannappally swearing in ceremony

തിരുവനന്തപുരം∙ പുതിയ മന്ത്രിമാരായി രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി.ഗണേഷ് കുമാറും ചുമതലയേറ്റു. രാജ്ഭവനിൽ ഒരുക്കിയ പന്തലിലെ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

ഏക എംഎൽഎയുള്ള പ്രധാന ഘടകകക്ഷികൾ രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടാമെന്ന എൽഡിഎഫിലെ ധാരണ അനുസരിച്ചാണു മന്ത്രിപദവി വച്ചുമാറ്റം. ആന്റണി രാജുവും (ജനാധിപത്യ കേരള കോൺഗ്രസ്) അഹമ്മദ് ദേവർകോവിലും (ഐഎൻഎൽ) സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണു കോൺഗ്രസ്(എസ്), കേരള കോൺഗ്രസ്(ബി) പ്രതിനിധികൾ മന്ത്രി സ്ഥാനത്തേക്ക് എത്തിയത്.

ആന്റണി രാജു വഹിച്ച ഗതാഗതം അടക്കമുള്ള വകുപ്പുകൾ ഗണേഷിനും അഹമ്മദ് ദേവർകോവിൽ വഹിച്ച തുറമുഖം അടക്കമുള്ള വകുപ്പുകൾ രാമചന്ദ്രൻ കടന്നപ്പള്ളിക്കും ലഭിച്ചേക്കും. കഴിഞ്ഞ എൽഡിഎഫ് മന്ത്രിസഭയിലും കടന്നപ്പള്ളി തുറമുഖ വകുപ്പാണു കൈകാര്യം ചെയ്തത്. നടൻ കൂടിയായ ഗണേഷ് കുമാർ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രിയായിരിക്കെ വഹിച്ച സിനിമാ വകുപ്പ് കൂടി ലഭിക്കണമെന്നു താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിൽ സജി ചെറിയാനാണ് സിനിമാ വകുപ്പ്. ചില സിപിഐ എം മന്ത്രിമാരും വകുപ്പുമാറ്റത്തിനു താൽപര്യം അറിയിച്ചതായാണു വിവരം.

22 വർഷം മുൻപ് അച്ഛൻ ആർ.ബാലകൃഷ്ണപിള്ളയുടെ പകരക്കാരനായാണ് ഗണേഷ് ആദ്യമായി മന്ത്രിക്കസേരയിലെത്തിയത്. 22 മാസത്തിനു ശേഷം, കുറ്റവിമുക്തനായ അച്ഛനു വേണ്ടി സ്ഥാനമൊഴിഞ്ഞു. സിനിമയിൽ സജീവമായി നിന്ന കാലത്താണ് 2001ൽ കേരള കോൺഗ്രസ് (ബി) സ്ഥാനാർഥിയായി ഗണേഷ് പത്തനാപുരത്തു മത്സരിക്കുന്നത്. 5 തവണ പത്തനാപുരത്തെ പ്രതിനിധീകരിച്ചു. മൂന്നാം തവണയാണ് മന്ത്രിപദവി. ആദ്യ തവണ ആന്റണി മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായി. രണ്ടാം തവണ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വനം, സിനിമ മന്ത്രിയായി. എൽഡിഎഫിലെത്തിയപ്പോൾ ആദ്യ തവണ എംഎൽഎയായി നിൽക്കേണ്ടിവന്നു. രണ്ടാം പിണറായി സർക്കാരിൽ ഒരു എംഎൽഎ മാത്രമുള്ള ഘടക കക്ഷികൾക്കും മന്ത്രിസ്ഥാനം നൽകാനുള്ള തീരുമാനപ്രകാരമാണ് ഗണേഷ് മന്ത്രിയാകുന്നത്.

1980ൽ ഇരിക്കൂറിൽനിന്ന് എംഎൽഎ ആയെങ്കിലും രാമചന്ദ്രൻ കടന്നപ്പള്ളി ആദ്യമായി മന്ത്രിയായത് 29 വർഷങ്ങൾക്കു ശേഷമാണ്. വി.എസ്.അച്യുതാനന്ദൻ സർക്കാരിൽ ദേവസ്വം വകുപ്പ് നൽകി കടന്നപ്പള്ളിയെ മന്ത്രിസഭയിലെടുത്തു. 2016ൽ പിണറായി മന്ത്രിസഭയിൽ മന്ത്രി സ്ഥാനം ലഭിച്ചു. മൂന്നാം തവണ മന്ത്രിയാകുന്നതു രണ്ടര വർഷം ഇടവേളയ്ക്കു ശേഷം. എ.കെ.ആന്റണിയോടൊപ്പം ഇടതുപക്ഷത്തെത്തിയ കടന്നപ്പള്ളി, ആന്റണി പിന്നീട് മുന്നണി മാറിയപ്പോഴും ഇടതുതാവളത്തിൽ തുടരുകയായിരുന്നു. രണ്ടു തവണ ദേവസ്വം വകുപ്പും ഒരുതവണ തുറമുഖ വകുപ്പും കൈകാര്യം ചെയ്ത കടന്നപ്പള്ളിക്ക് ഇത്തവണ തുറമുഖ വകുപ്പ് ലഭിക്കും.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories