കോഴിക്കോട്: പൊലീസ് കമ്മീഷണർ ഓഫീസിൽ പ്യൂണായിരുന്നയാളും കൂട്ടാളികളും ലക്ഷങ്ങളുടെ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിൽ. കോഴിക്കോട് കക്കോടി സ്വദേശി പുതുക്കുടി വീട്ടിൽ ബിപിനും കൂട്ടാളികളും കക്കോടി സ്വദേശികളുമായ മീരാലയം വീട്ടിൽ മിഥുൻ, മലയിൽ വീട്ടിൽ രഞ്ജിത്ത് എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കമ്മീഷണർ ഓഫീസിലെ പൊലീസുകാരനാണ് താനെന്ന് വിശ്വസിപ്പിച്ചായിരുന്നു ബിപിൻ തട്ടിപ്പ് നടത്തിയത്.
2023 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നേരത്തെ കമ്മീഷണർ ഓഫീസിൽ പ്യൂണായിരുന്ന ബിപിൻ പാളയത്തെ സ്വകാര്യ ബാങ്കിൽ നിന്നും മറ്റൊരു ബാങ്കിലേക്ക് ഗോൾഡ് ലോൺ ടേക്ക് ഓവർ ചെയ്യാനെന്ന വ്യാജേന രേഖകൾ നൽകി.ഒടുവിൽ 21 ലക്ഷത്തോളം രൂപ വാങ്ങി ബാങ്കിനെ കബളിപ്പിച്ച് മുങ്ങുകയായിരുന്നു. ബാങ്കിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. ഈ അന്വേഷണത്തിലാണ് ബിപിനൊപ്പം കൂട്ടുപ്രതികളായ മിഥുൻ, രഞ്ജിത്ത് എന്നിവരുടെ പങ്ക് കണ്ടെത്തിയത്. സംഭവത്തിനുശേഷം മൂന്നു പ്രതികളും ഒളിവിലായിരുന്നു. തുടർന്ന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മൂന്ന് പ്രതികളും പൊലീസിൽ കീഴടങ്ങുകയായിരുന്നു. പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിൽ ഉൾപ്പെടെ ബിപിനെതിരെ വഞ്ചന കേസുണ്ട്. ഇയാൾക്കെതിരെ വകുപ്പുതല നടപടിയും സ്വീകരിച്ചിട്ടുണ്ട്.