Share this Article
KSEB അധികൃതർ കുലച്ച നേന്ത്രവാഴകൾ വെട്ടിനശിപ്പിച്ചു
kseb staff electic line plantation crops

തൃശ്ശൂര്‍ എടത്തിരുത്തി ചൂലൂരിൽ കെ.എസ്.ഇ.ബി ജീവനക്കാർ നേന്ത്രവാഴകൾ വെട്ടിനശിപ്പിച്ചു. ചൂലൂർ ജുമാ മസ്ജിദിന് എതിർ വശത്തെ സ്ഥലത്ത് കുലച്ച പത്തോളം വാഴകളാണ് ലൈനിൽ മുട്ടിയെന്ന പേരിൽ വെട്ടിയത്.ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. തൊഴുത്തും പറമ്പിൽ സന്തോഷും സുഹൃത്തുക്കളും ചേർന്ന് കൃഷി ചെയ്ത വാഴകളാണ് വെട്ടിനശിപ്പിച്ചത്.

വൈദ്യുതി ലൈനിലെ ടച്ചിങ്ങ്  വെട്ടുന്ന വലപ്പാട് കെ.എസ്.ഇ.ബി സെക്ഷനിലെ  കരാറു ജോലിക്കാരാണ് വാഴകൾ വെട്ടിയത്. വാഴ കൃഷി നടത്തുന്ന സ്ഥലത്തേക്ക് മതിൽ ചാടിയെത്തിയാണ് ലൈനിന് താഴത്തെ വാഴകൾ നശിപ്പിച്ചതെന്ന് സന്തോഷ് പറഞ്ഞു. പത്ത് വർഷത്തോളമായി ഈ സ്ഥലത്ത് കൂടി പോകുന്ന ലൈനിൽ വൈദ്യുതി പ്രവഹിക്കുന്നില്ലെന്നും ഇവർ പറയുന്നു.

രണ്ട് വർഷം മുമ്പാണ് സന്തോഷും സുഹൃത്തുക്കളും ചേർന്ന് കാട് പിടിച്ചു കിടന്നിരുന്ന സ്ഥലം വൃത്തിയാക്കി വാഴകൃഷി ആരംഭിച്ചത്. പത്ത് മാസം മുമ്പ് നട്ട് ഇപ്പോൾ കുലച്ചു നിൽക്കുന്ന വാഴകളാണ് വെട്ടി നശിപ്പിച്ചത്. കൃഷി മന്ത്രിക്കും, വൈദ്യുതി മന്ത്രിക്കും പരാതി നൽകുമെന്ന് കർഷകർ പറഞ്ഞു. അതേ സമയം  ലൈനിലേക്ക് മുട്ടി നിൽക്കുന്ന ഭാഗമാണ് വെട്ടി ഒഴിവാക്കിയതെന്നും, ഏതെങ്കിലും കാരണവശാൽ ഇതിലേക്ക് വൈദ്യുതി പ്രവഹിച്ചാൽ അപകടം ഒഴിവാക്കുന്നതിനുള്ള മുൻകരുതലാണ് നടത്തിയതെന്നും കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories