സോഷ്യൽ മീഡിയയിൽ ഈയിടെ വൈറലായ ഒരു ഗാനമുണ്ട്. എല്ലാവരുമെത് ഏറ്റുപാടുമ്പോഴും പാട്ടെഴുതിയ തന്നെ തിരിച്ചറിയുന്നില്ല എന്ന സങ്കടത്തിലാണ് തൃശ്ശൂര്‍ ചേലക്കര സ്വദേശിയായ ഗാനരചയിതാവ്. ഒരു അഭിമുഖത്തിനിടെ പാടിയ നാലുവരിയാണ് മറ്റാരൊക്കെയോ പാടി സോഷ്യൽ മീഡിയയിൽ വെെറലായത്..
മാസങ്ങൾക്കു മുമ്പ് ഒരു ബ്ലോഗർക്ക് നൽകിയ അഭിമുഖത്തിനിടയിൽ തൃശ്ശൂർ ചേലക്കര സ്വദേശി കിഷോർ പാടിയ വരികളാണ് സോഷ്യൽ മീഡിയ ഇന്ന് ഏറ്റെടുത്തിരിക്കുന്നത്. പാട്ട് ഏറ്റെടുത്തപ്പോഴും തൻറെ കഴിവ് തിരിച്ചറിയാതെ പോയതിൻ്റെ സങ്കടത്തിലാണ് ഈ കലാകാരൻ..കാസർഗോഡ് സ്വദേശിനിയായ യുവതി പാടിയതോടെയാണ് സോഷ്യൽ മീഡിയയിൽ ഈ ഗാനം ഹിറ്റായതെന്നും കിഷോർ ചേലക്കര പറയുന്നു.
2002 മുതലാണ് കിഷോർ പാട്ടുകൾ എഴുതി തുടങ്ങുന്നത്. സംഗീതം നൽകി ഗാനങ്ങള്‍ പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും കടം കയറിയത് അല്ലാതെ ഗാനം പുറത്തിറങ്ങിയില്ല..പിന്നീട് 300 ൽ അധികം പാട്ടുകൾ എഴുതി. നിരാശ തോന്നുമ്പോൾ അവയിൽ പലതും കത്തിച്ച് കളഞ്ഞു. ആഗ്രഹങ്ങൾക്കു മുകളിൽ പണം തന്നെയായിരുന്നു വെല്ലുവിളി.
ഓടക്കുഴലിലാണ് കമ്പമെങ്കിലും പല വാദ്യോപകരണങ്ങളും കിഷോറിനു വഴങ്ങും. മൂക്ക്കൊണ്ട് റെക്കോർഡർ വായിച്ചും കിഷോർ എല്ലാവരെയും അത്ഭുതപ്പെടുത്തും.
പാട്ട് ആരുടേതെന്ന് അറിയാതെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുമ്പോൾ കിഷോറിന് ഒരാഗ്രഹമേയുള്ളൂ. തൻറെ പേരിൽ ആ ഗാനം റെക്കോർഡ് ചെയ്ത് പുറത്തിറക്കണം. ആ ആഗ്രഹം ഉള്ളിൽ ഒതുക്കി ജീവിക്കുകയാണ് ഈ യുവാവ്..