ശബരിമല വിമാനത്താവളം ഭൂമിയേറ്റെടുക്കലിന് സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി. 1000.28 ഹെക്ടര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും. ആക്ഷേപമുള്ളവര്‍ക്ക് 15ദിവസത്തിനകം പരാതി നല്‍കണമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
1000.28 ഹക്ടര്‍ ഭൂമിയാണ് വിമാനത്താവള നിര്‍മ്മാണത്തിനായി ഏറ്റെടുക്കുക. പ്രദേശത്ത് ബിസിനസ് നടത്തുന്നവര്‍ക്കും വീട് നഷ്ടമാകുന്ന കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമാണ് നഷ്ടപരിഹാരം നല്‍കുക. ഏറ്റെടുക്കുന്ന ഭൂമികളുടെ വിശദാംശങ്ങളും വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 47 സര്‍വേ നമ്പരുകളില്‍ നിന്നായി 441 കൈവശങ്ങളാണ് ഏറ്റെടുക്കുന്നത്.
എരുമേലി തെക്ക്, മണിമല വില്ലേജുകളിലെ 19, 21,22, 23 ബ്ലോക്കുകളില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളാണ് ഏറ്റെടുക്കുക. എരുമേലി തെക്ക് വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 22 ല്‍ ഉള്‍പ്പെട്ട 281, 282, 283 സര്‍വേ നമ്പരുകള്‍ കൂടാതെ മണിമല വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 21 ലെ 299 സര്‍വേ നമ്പരില്‍ ഉള്‍പ്പെട്ട 2264.09 ഏക്കര്‍ സ്ഥലമാണ് ചെറുവള്ളി എസ്റ്റേറ്റില്‍ നിന്ന് ഏറ്റെടുക്കുന്നത്.
ചെറുവള്ളി എസ്റ്റേറ്റിലെ ലയങ്ങളില്‍ താമസിക്കുന്ന 221 കുടുംബങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും ഉറപ്പാക്കുമെന്നും വിജ്ഞാപനത്തിലുണ്ട്. വിദഗ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ടിന് ശേഷമാണ് ഇപ്പോള്‍ ഭൂമി ഏറ്റെടുക്കുന്നതിന്റെ വിശദവിവരങ്ങള്‍ പുറത്തെത്തിയിരിക്കുന്നത്. വിമാനത്താവള നിര്‍മാണത്തിന്റെ ആദ്യഘട്ടം 2027ല്‍ പൂര്‍ത്തിയാക്കുമെന്നാണ് വിലയിരുത്തല്‍.