കോഴിക്കോട്: പേരാമ്പ്രയിലെ അനുവിന്റെ മരണത്തിൽ ഒരാൾ കസ്റ്റഡിയിൽ. മലപ്പുറം സ്വദേശിയാണ് കസ്റ്റഡിയിലെന്നാണ് വിവരം. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. സംഭവം നടന്ന സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ ഇയാളെ കണ്ടിരുന്നു. നേരത്തെ മോഷണക്കേസുകളിൽ അടക്കം ഉൾപ്പെട്ടയാളാണ് പിടിയിലായതെന്നാണ് വിവരം.
തിങ്കളാഴ്ചയാണ് വാളൂര്‍ സ്വദേശിയായ അനുവിനെ കാണാതാകുന്നത്. ചൊവ്വാഴ്ച രാവിലെയാണ് തോട്ടില്‍ അനുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. അനുവിന്റെ ശരീരത്തിൽ നിന്നും സ്വർണാഭരണങ്ങളും നഷ്ടമായിരുന്നു. തുടർന്നാണ് മരണം കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം ചുവന്ന ബൈക്കില്‍ എത്തിയ ആളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സിസിടിവി ക്യാമറയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞതായി കണ്ടെത്തിയത്.
കമ്മല്‍ മാത്രമാണ് അനുവിന്റെ മൃതദേഹത്തില്‍ നിന്ന് ലഭിച്ചതെന്നും സ്വര്‍ണമാല, രണ്ട് മോതിരം, ബ്രേസ്‌ലെറ്റ്, പാദസരം എന്നിവയെല്ലാം നഷ്ടപ്പെട്ടിരുന്നതായി വീട്ടുകാര്‍ പറയുന്നു. തിങ്കളാഴ്ച രാവിലെ വീട്ടില്‍നിന്നുപോയ അനുവിനെ കാണാതാവുകയും ചൊവ്വാഴ്ച ഉച്ചയോടെ അള്ളിയോറത്താഴ തോട്ടില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഇരിങ്ങണ്ണൂരില്‍നിന്ന് വാഹനത്തില്‍ എത്തുന്ന ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ പോകാനായി മുളിയങ്ങലിലേക്ക് കാല്‍നടയായാണ് വീട്ടില്‍നിന്ന് അനു പുറപ്പെട്ടത്. പിന്നീട് വിവരമൊന്നുമുണ്ടായില്ല. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മുങ്ങി മരണമാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മുട്ടറ്റം വരെ മാത്രം വെള്ളമുള്ള തോട്ടില്‍ ഒരാള്‍ എങ്ങനെ മുങ്ങിമരിച്ചെന്നതാണ് കേസിലെ ദൂരൂഹത.