കാസർകോട് ചാലിങ്കലിൽ സ്വകാര്യ ബസ് തലകീഴായിമറിഞ്ഞ് അപകടത്തിൽ ഡ്രൈവർ മരിച്ചു. വിദ്യാർത്ഥികൾ അടക്കം നിരവധി പേർക്ക് അപകടത്തിൽ പരിക്കുണ്ട്. മംഗലാപുരത്തുനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന മെഹബൂബ ബസ്സാണ് അപകടത്തിൽപ്പെട്ടത്. മംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സ് ദേശീയപാതയിൽ നിയന്ത്രണം വിട്ട് തലകീഴായ് മറിയുകയായിരുന്നു. പുല്ലൂര്‍ പെരിയ പഞ്ചായത്തിന് സമീപത്ത് ദേശീയപാതയുടെ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന സ്ഥലത്തുനിന്ന് സര്‍വീസ് റോഡിലേക്ക് വെട്ടിക്കുന്നതിനിടെയാണ് ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്. അപകടത്തില്‍ ബസ്സ് ഡ്രൈവര്‍ മരണപ്പെട്ടു. മധൂര്‍ ,
രാംനഗര്‍ സ്വദേശി ചേതന്‍ കുമാറാണ് മരിച്ചത്.
വിദ്യാര്‍ഥികളടക്കം നിരവധി പേരാണ് ബസ്സില്‍ യാത്രക്കാരായി ഉണ്ടായിരുന്നത്. ഏറെ ശ്രമപ്പെട്ടാണ് ബസില്‍ നിന്ന് യാത്രക്കാരെ പുറത്തെടുത്തത്. കാസര്‍കോട് നിന്ന് മൂന്ന് യുണിറ്റ് ഫയര്‍ഫേഴ്‌സ് സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. വിവരമറിഞ്ഞ് അമ്പലത്തറ പൊലീസും സ്ഥലത്തെത്തിയിരുന്നു. ഓടിക്കൂടിയ നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.