Share this Article
മഴവില്ല് തോല്‍ക്കും അഴക്‌; വീടിന്റെ മുറ്റത്തും ടെറസിലുമൊക്കെ കൂട്ടത്തോടെ മയിലുകള്‍
A group of peacocks in the yard and terrace of the house

മഴവില്ല് തോല്‍ക്കുന്ന അഴകില്‍ പറന്നിറങ്ങുന്ന മയിലുകളെ കാണാന്‍ ഇടുക്കി അടിമാലിക്കാര്‍ക്ക് ഇനി ദൂരങ്ങള്‍ സഞ്ചരിക്കേണ്ട. അടിമാലി മന്നാംകാലയിലും മുക്കാല്‍ ഏക്കറിലുമെല്ലാം കൂട്ടത്തോടെയാണ് ഇവയെത്തുന്നത്.ഒരേസമയം കൗതുകവും ഭീതിയും പരത്തുന്ന കാടിറക്കത്തിലേക്ക്.

മഴയ്ക്കു മുമ്പ് പീലി വിടർത്തിയാടുന്ന മയൂരങ്ങൾ നയന മനോഹര കാഴ്ചയാണ് ഒരുക്കാറുള്ളത്. എന്നാൽ ഇപ്പോൾ കാടിറങ്ങിയെത്തുന്ന മയിലുകൾ പാടത്തും പറമ്പിലും എന്നു വേണ്ട കോൺക്രീറ്റ് വീടുകളുടെ ടെറസുകളിൽ വരെ ചിറകു വിരിച്ച് നൃത്തം വയ്ക്കുന്ന കാഴ്ച ഇപ്പോൾ ഇവിടെ സാധാരണ കാഴ്ചയായി.

ഇതോടെ മയിലുകൾ  ഗ്രാമങ്ങൾക്ക് അപരിചിതമല്ലാതായി മാറി.മൃഗശാലകളിലും ചിത്രങ്ങളിലും മാത്രം കണ്ടു പരിചയം ഉള്ള മയിലുകളെ വീട്ടുമുറ്റത്ത് ആഹാരവശിഷ്ടങ്ങൾ   കൊത്തിപ്പെറക്കുന്നത് കാണുന്നത് അത്ഭുതവും കൗതുകവും സന്തോഷവും നിറഞ്ഞതാണ്.

ദേശീയ പക്ഷിയുടെ വിരുന്ന് കൗതുകമെങ്കിലും പഴമൊഴിയായി കേട്ട് കേട്ടുവളർന്ന മുതിർന്നവർക്ക് ഇത് ആശങ്ക വളർത്തുന്നു.വേനൽ ആരംഭിച്ചപ്പോൾ തന്നെ ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ മയിലുകളുടെ വരവ്  കടുത്ത വരൾച്ചയാണ്  സൂചിപ്പിക്കുന്നതെന്നാണ് പഴമക്കാർ പറയുന്നത്.

മയിലിന്റെ കാടിറക്കവും അപൂർവങ്ങളായ ദേശാടനക്കിളികളുടെ കാലം തെറ്റിയുള്ള വരവുമെല്ലാം വരൾച്ചയുടെയും മരുഭൂവൽക്കരണത്തിന്റെയും സൂചനയാണെന്ന് പക്ഷി നിരീക്ഷകരും പറയുന്നു. കുറ്റിക്കാടുകളിലും പാറക്കെട്ടുകളിലുമാണ് മയിലുകളുടെ താമസം. കുറ്റിക്കാടുകൾ ഇല്ലാതായതും പാറക്കെട്ടുകൾ ഖനനത്തിനായി ഇല്ലാതാവുന്നതും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളുമാണ് മയിലുകളുടെ കാടിറക്കത്തിന് കാരണമായി പറയുന്നത്.

നാട്ടിലെ മനുഷ്യനും കാട്ടിലെ പക്ഷിമൃഗാദികൾക്കും അനുയോജ്യമായ കാലാവസ്ഥയിലേക്ക്  ഭൂമിയെ മാറ്റിയെടുക്കാൻ കഴിയുന്ന ഏക ജീവി മനുഷ്യനാണെന്ന് ഓരോരുത്തരെയും ഓർമ്മപ്പെടുത്തുന്നതാണ് ഈ മാറ്റങ്ങൾ.       

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories