Share this Article
പട്ടാഴിമുക്ക് അപകടം കാര്‍ ലോറിയിലേക്ക് മനപ്പൂര്‍വം ഇടിച്ചുകയറ്റിയതെന്ന് മോട്ടോര്‍ വാഹന വകുപ്പ്
The Motor Vehicle Department said that the car crashed into the lorry intentionally in the Pattazimuk accident

പത്തനംതിട്ട പട്ടാഴിമുക്ക് അപകടത്തില്‍ കാര്‍ ലോറിയിലേക്ക് മനപ്പൂര്‍വം ഇടിച്ചുകയറ്റിയതെന്ന് മോട്ടോര്‍ വാഹന വകുപ്പ്. കാര്‍ അമിത വേഗതയിലായിരുന്നുവെന്നും അനുജയും ഹാഷിമും സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട്. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് ഇന്ന് കൈമാറും.

ഇക്കഴിഞ്ഞ 28ന് രാത്രി പത്തോടെയാണ് അടൂര്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച് നൂറനാട് സ്വദേശിനി അനുജ, ചാരുംമൂട് പാലമേല്‍ സ്വദേശി ഹാഷിം എന്നിവരാണ് മരിച്ചത്. ടൂര്‍ കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതാണെന്ന് നേരത്തെ തന്നെ ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. ഇതേ കാര്യമാണിപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പും സ്ഥിരീകരിക്കുന്നത്. സംഭവത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചിരുന്നു. അതേസമയം, സംഭവത്തില്‍ ദുരൂഹത നീക്കാന്‍ ശാസ്ത്രീയ അന്വേഷണവുമായി മുന്നോട്ടുപോവുകയാണ് പൊലീസ്.

രാസ പരിശോധനക്ക് പുറമെ, അനുജയുടെയും ഹാഷിമിന്റെയും മൊബൈല്‍ ഫോണുകളിലെ വിവരങ്ങളും പൊലീസ് വീണ്ടെടുക്കും. വിനോദയാത്ര കഴിഞ്ഞു മടങ്ങിവന്ന അനുജ രവീന്ദ്രനെ വഴിമധ്യെ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോയ ഹാഷിം എന്തിന് മരണത്തിലേക്ക് കാര്‍ ഓടിച്ചു കയറ്റിയെന്നതാണ് പൊലീസിന് മുന്നിലെ ചോദ്യം.

ബന്ധുക്കള്‍ക്ക് ഇവരുടെ സൗഹൃദത്തെ കുറിച്ച് പോലും ഒന്നും അറിയില്ലെന്ന് മൊഴി നല്‍കിയിട്ടുണ്ട്. ഇത് ഇരു കുടുംബങ്ങളും ആവര്‍ത്തിക്കുമ്പോള്‍ ശാസ്ത്രീയ പരിശോധനയിലൂടെ സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാവുമെന്ന വിശ്വാസത്തിലാണ് പൊലീസ്.

അനുജയെ കൊലപ്പെടുത്തിയ ശേഷം, ജീവനൊടുക്കാന്‍ ഹാഷിം തീരുമാനിച്ച് ഇറങ്ങിയതാണോ എന്നതില്‍ ദുരൂഹത മാറണം. അതോ ജീവനൊടുക്കാന്‍ ഇരുവരും ഒന്നിച്ച് തീരുമാനിച്ചതാണോ എന്നതിലും ദുരൂഹത നീക്കുകയാണ് ലക്ഷ്യം. അനുജ അവസാനമായി സംസാരിച്ച തുമ്പമണ്‍ സ്‌കൂളിലെ അധ്യാപകരുടെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories