പത്തനംതിട്ട: കാർ അപകടത്തിൽ മരിച്ച അധ്യാപിക അനുജ രവീന്ദ്രന്റെ മരണത്തിൽ പരാതി നൽകി അച്ഛൻ. ഹാഷിം മകളെ ഭീഷണിപ്പെടുത്തിയാണ് വണ്ടിയിൽ നിന്ന് ഇറക്കിയതെന്നും തുടർന്നു ബലമായി കാറിൽ കയറ്റി ലോറിയിൽ ഇടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്നുമാണ് അച്ഛൻ രവീന്ദ്രന്റെ പരാതിയിൽ പറയുന്നത്. ഇതെക്കുറിച്ചു അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നൂറനാട് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്.
സ്വകാര്യ ബസ് ഡ്രൈവറാണ് കാറിലുണ്ടായിരുന്ന അനൂജയുടെ സുഹൃത്ത് ഹാഷിം. ഇരുവരും തമ്മിൽ പരിചയപ്പെട്ടിട്ട് ഒരു വർഷമായെന്നാണ് സൂചന. അനുജയുടെയും ഹാഷിമിന്റെയും ഫോൺ പരിശോധിച്ചതിൽ നിന്നാണ് പൊലീസ് ഇക്കാര്യം കണ്ടെത്തിയത്. കാറിൽ നിന്നു ലഭിച്ച ഹാഷിമിന്റെ രണ്ട് ഫോണുകളും അനുജയുടെ ഒരു ഫോണും പൊലീസ് സൈബർ സെൽ വഴി പരിശോധിച്ചു. ഇരുവരും സ്ഥിരമായി ഫോണിൽ ചാറ്റ് ചെയ്യാറുണ്ടായിരുന്നെന്നും പരിശോധനയിൽ കണ്ടെത്തി. ഇവരുടെ അടുപ്പത്തെപ്പറ്റി ബന്ധുക്കള്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ ഒരു വിവരവുമില്ല.
അപകടമുണ്ടാക്കിയ കാറും ലോറിയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു. ഹാഷിം മനഃപൂർവം കാർ ലോറിയിലേക്ക് ഇടിച്ചുകയറ്റി അപകടമുണ്ടാക്കിയതായാണു സൂചന. ഇതേ അനുമാനത്തിലാണ് പൊലീസും മുന്നോട്ടുപോകുന്നത്. കാർ അമിത വേഗത്തിലായിരുന്നു. തെറ്റായ ദിശയിലൂടെ ലോറിയിലേക്കു വന്നിടിക്കുകയായിരുന്നു. കാറിന്റെ ബ്രേക്ക് ഉപയോഗിച്ചിരുന്നില്ല. അനുജയും ഹാഷിമും സീറ്റ് ബെൽറ്റ് ഉപയോഗിച്ചിരുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.