ബോട്ടില്‍ ആര്‍ട്ടില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങളരുക്കി പൂജയും, പുണ്യയും. ഒരു മണിക്കൂറില്‍ 40 പ്രമുഖരുടെ ചിത്രങ്ങള്‍ വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് സ്വന്തമാക്കിയ ഇരുവരുമാണ് ഇടുക്കി ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങള്‍ ബോട്ടില്‍ ആര്‍ട്ടില്‍ തീര്‍ത്തത്.
വീട്ടൂര്‍ എബനൈസര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികളും മുളവൂര്‍ ഒലിയപ്പുറത്ത് രമേശന്റെയും, രാധികയുടെയും ഇരട്ടകുട്ടികളുമായ പൂജ രമേശും, പുണ്യ രമേശുമാണ് ഇടുക്കി ലോക്‌സഭ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്‌സ് ജോര്‍ജ്, യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡീന്‍ കുര്യാക്കോസ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. സംഗീത വിശ്വനാഥന്‍ എന്നിവരുടെ ചിത്രങ്ങള്‍ ബോട്ടില്‍ ആര്‍ട്ടില്‍ തീര്‍ത്തത്.
കഴിഞ്ഞ വര്‍ഷം ഓണ്‍ലൈനില്‍ തത്സമം നടന്ന മത്സരത്തില്‍ ഒരു മണിക്കൂറില്‍ 40 രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക -കായിക - ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ ചിത്രങ്ങള്‍ വരച്ച് ഇരുവരും ചേര്‍ന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് സ്വന്തമാക്കിയിരുന്നു.
പരീക്ഷ കഴിഞ്ഞ് ലഭിച്ച ഇടവേളകളിലാണ് ഇരുവരും ചേര്‍ന്ന് തങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ ചിത്രം വരച്ചത്. നേരിട്ട് തങ്ങളെ കാണാന്‍ എത്തുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ചിത്രങ്ങള്‍ സമ്മാനിക്കുമെന്ന് പൂജയും, പുണ്യയും പറയുന്നു.പ്രധാനമായുള്ള സംഭവ വികാസങ്ങളും, കായിക മത്സരങ്ങളും നടക്കുമ്പോള്‍ താരങ്ങളുടെ ചിത്രങ്ങളും, രാജ്യങ്ങളുമെല്ലാം ബോട്ടില്‍ ആര്‍ട്ടില്‍ വരയ്ക്കുന്നത് ഇവരുടെ പതിവാണ്.