പത്തനംതിട്ട: വിവാഹചടങ്ങിനായി പള്ളിമുറ്റത്ത് കാത്തിരുന്ന അതിഥികള്‍ക്ക് മുന്നിലേക്ക് അലങ്കരിച്ച വാഹനത്തില്‍ വരനെത്തി. പക്ഷേ, എന്തുചെയ്തിട്ടും വരന് വാഹനത്തില്‍നിന്ന് പുറത്തിറങ്ങാനായില്ല. കാലും നിലത്തുറച്ചില്ല. ഒടുവില്‍ വരന്‍ 'ഫിറ്റ്' ആണെന്ന് അറിഞ്ഞതോടെ കാര്യങ്ങള്‍ തകിടംമറിഞ്ഞു. മദ്യപിച്ച് ലക്കുക്കെട്ട വരനെ വേണ്ടെന്ന് പറഞ്ഞ് വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍നിന്ന് പിന്മാറി. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് വരനെതിരേ പൊലീസ് കേസെടുക്കുകയും ചെയ്തു.
പത്തനംതിട്ട തടിയൂരിലാണ് വരന്‍ മദ്യപിച്ചെത്തിയതിനെത്തുടര്‍ന്ന് വിവാഹം മുടങ്ങിയത്. തിങ്കളാഴ്ച ഉച്ചയോടെ തടിയൂരിലെ ഒരുക്രിസ്ത്യന്‍ ദേവാലയത്തിലായിരുന്നു നാടകീയസംഭവങ്ങള്‍.തടിയൂര്‍ സ്വദേശിയായ 32-കാരന്റെയും നാരങ്ങാനം സ്വദേശിനിയായ യുവതിയുടെയും വിവാഹചടങ്ങുകളാണ് തിങ്കളാഴ്ച ദേവാലയത്തില്‍ നടക്കേണ്ടിയിരുന്നത്. ഏതാനുംദിവസം മുന്‍പാണ് 32-കാരന്‍ വിവാഹത്തിനായി വിദേശത്തുനിന്ന് നാട്ടിലെത്തിയത്.
വരന് വിദേശത്താണ് ജോലി. വധുവിന് ഉന്നത വിദ്യാഭ്യാസവുമുണ്ട്.
വിവാഹദിവസം കൃത്യസമയത്ത് തന്നെ വരന്‍ പള്ളിയിലെത്തി. ക്ഷണിക്കപ്പെട്ട അതിഥികളും ബന്ധുക്കളും പള്ളിയിലുണ്ടായിരുന്നു. എന്നാല്‍, വിവാഹദിവസം അടിച്ചുപൂസായ വരനെ കണ്ടതോടെ രംഗം വഷളായി.
മദ്യപിച്ച് ലക്കുക്കെട്ടതിനാല്‍ വാഹനത്തില്‍നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയാത്തനിലയിലായിരുന്നു വരന്‍. ഏതാനുംപേര്‍ ചേര്‍ന്ന് വരനെ പള്ളിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും കാലുറയ്ക്കാത്ത സ്ഥിതിയായിരുന്നു. ഇതോടെ വിഷയം ഗുരുതരമായി. വധു വിവാഹത്തിന് സമ്മതമല്ലന്ന് വൈദികനെ അറിയിച്ചു. ഇത് വരനെ അറിയിച്ച വൈദികനോട് വരന്‍ മോശമായി സംസാരിച്ചതോടെ ഇരുകൂട്ടരുടേയും ബന്ധുകള്‍ തമ്മില്‍ വാക്കേറ്റമായി. ഇതിനിടെ വരന്റെ അമ്മ ബോധരഹിതയായതിനെ തുടര്‍ന്ന് കോഴഞ്ചേരിയിലെ സ്വകാര്യശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വരന്റെ പരാക്രമം കണ്ട് വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു. പൊലീസിനെയും ഇവര്‍ വിവരമറിയിച്ചു. തുടര്‍ന്ന് കോയിപ്രം പൊലീസ് സ്ഥലത്തെത്തി വരനുമായി സംസാരിച്ചെങ്കിലും ഇയാള്‍ മദ്യലഹരിയില്‍ വീണ്ടും അക്രമാസക്തനായി. ഇതോടെ വരനെതിരേ പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയത് പൊലീസ് ആക്ട് പ്രകാരം കേസെടുത്തു.
സംഭവം സംഘര്‍ഷത്തിന്റെ വക്കിലെത്തിയെങ്കിലും പൊലീസ് ഇടപെട്ടാണ് പള്ളിയിലെ രംഗം ശാന്തമാക്കിയത്. തുടര്‍ന്ന് പോലീസിൻ്റെ സാന്നിധ്യത്തിൽ വരൻ്റെ കൂട്ടരും വധുവിന്റെ വീട്ടുകാരും നടത്തിയ ചര്‍ച്ചയില്‍ വധുവിന്റെ വീട്ടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന് ധാരണയായി. ആറുലക്ഷം രൂപ വരന്‍ നഷ്ടപരിഹാരമായി നൽകാൻ ധാരണയായത്. ഒത്തുതീർപ്പ് ചര്‍ച്ചയില്‍ വരന്റെ വീട്ടുകാര്‍ നഷ്ടപരിഹാരം നല്‍കി വിഷയം അവസാനിപ്പിച്ചങ്കിലും വിവാഹത്തിന് തയ്യാറാക്കിയ ഭക്ഷണം പാഴായി.