Share this Article
മുറിവേറ്റ കാട്ടാന കശുവണ്ടിതോട്ടത്തില്‍; ആനകളുടെ ആക്രമണത്തില്‍ പൊറുതിമുട്ടി ജനങ്ങള്‍
People are struggling with the attack of elephants

കൊല്ലം ജില്ലയിലെ അച്ചന്‍കോവില്‍ റോഡിലെ കശുവണ്ടി തോട്ടത്തിലുള്ള കാട്ടാന നാട്ടുകാരെ വലയ്ക്കുന്നു. പരിക്കേറ്റ ആന തോട്ടത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. രണ്ടാഴ്ച്ചയായിട്ടും വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

അച്ഛന്‍കോവില്‍ റോഡിലെ  ചാങ്ങപാറ വനത്തിലെ കശുവണ്ടി തോട്ടത്തിലാണ് മുറിവേറ്റ നിലയിലുള്ള ആന നിലയുറപ്പിച്ചിരിക്കുന്നത്. ചെവിയുടെ പുറകിലായി മാരകമായ മുറിവേറ്റ ആന കഴിഞ്ഞ രണ്ടാഴ്ചയായി കശുമാവിന്‍ തോട്ടത്തില്‍ തമ്പടിച്ചിരിക്കുകയാണ്.

ആന ആരെയും ഉപദ്രവിക്കില്ലെങ്കിലും ഈ ആനയെ തേടിയെത്തുന്ന കൂട്ടാളികളായ മറ്റു ആനകള്‍ പ്രദേശത്തെ ജനങ്ങളെ ആക്രമിക്കുന്നുണ്ട്. തോട്ടത്തില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ വനം വകുപ്പിനെ വിവരമറിയിച്ചെങ്കിലും വന്നു നോക്കിയതല്ലാതെ  ഇതുവരെയും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും തോട്ടത്തിലെ തൊഴിലാളികള്‍ പരാതിപ്പെടുന്നു.

വേദനയുള്ള സമയങ്ങളില്‍ ഈ ആന തോട്ടത്തിലുള്ള കശുവണ്ടി മരങ്ങളെല്ലാം പിഴുതെറിയുന്നുണ്ട്. അതുപോലെ തോട്ടത്തിന് സമീപത്തൂടെയുള്ള അച്ചന്‍കോവില്‍ റോഡ് ആനക്കൂട്ടം പലതവണയാണ് മറികടക്കുന്നതിനാല്‍ ഈ സമയത്ത് കാല്‍നടയാത്രക്കാരോ വാഹനങ്ങളോ വന്നാല്‍ ആനയുടെ ആക്രമണത്തിനിരയാകും എന്നുള്ളതിനാല്‍ ഇതുവഴിയുള്ള യാത്രക്കാരും ഭീതിയിലാണ്.  അവശനിലരായ ആനയ്ക്ക് ആവശ്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍ ഉടന്‍തന്നെ ആന ചരിയുമെന്നും നാട്ടിലെ പൊതുപ്രവര്‍ത്തകര്‍ പറയുന്നു.

കശുമാവിന്‍ മരങ്ങള്‍ നശിപ്പിക്കുന്നത്തിലൂടെ സര്‍ക്കാരിന് ലക്ഷങ്ങളാണ് നഷ്ടമാകുന്നത്.  അതുകൊണ്ടുതന്നെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്രയും പെട്ടെന്ന് ആനയ്ക്ക് ചികിത്സ നല്‍കി കാട്ടിലേക്ക് തിരിച്ചയക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.       


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories