കോഴിക്കോട് നഗരത്തിൽ ട്രാൻസ്ഫോമറിൽ ഇടിച്ച ആംബുലൻസിന് തീപിടിച്ച് രോഗി വെന്തുമരിച്ചു. അടിയന്തര ശസ്ത്രക്രിയക്കായി കൊണ്ടുവരികയായിരുന്ന നാദാപുരം സ്വദേശി സുലോചനയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന ആറു പേർ പരിക്കേറ്റ് ചികിത്സയിലാണ്.
ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജിൽ നിന്നും അടിയന്തര ശസ്ത്രക്രിയയ്ക്ക് നിർദ്ദേശിച്ചതിനെ തുടർന്ന് 57കാരിയായ സുലോചനയുമായി മിംസ് ആശുപത്രിയിലേക്ക് വരികയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.
മിംസ് ആശുപത്രിയുടെ ഒരു കിലോമീറ്റർ പരിധിക്കുള്ളിൽ എത്തിയപ്പോൾ മഴയെ തുടർന്ന് നിയന്ത്രണംവിട്ട ആംബുലൻസ് റോഡരികിലെ എ.ബി ട്രാൻസ്ഫോമറിൽ ഇടിക്കുകയായിരുന്നു. ഉടൻതന്നെ ട്രാൻസ്ഫോർമറിൽ നിന്നും വൈദ്യുതി പടർന്ന് ആംബുലൻസിന് തീ പിടിച്ചു.
57 കാരിയായ സുലോചന അഗ്നിയിൽ വെന്തു മരിച്ചു. അപകടത്തിനിടെ മൂന്നുപേർ തെറിച്ചു വീഴുകയും മറ്റു മൂന്നുപേർ രക്ഷപ്പെടുകയും ചെയ്തു. മൊബൈൽ ഐസിയുവിൽ ആയതിനാൽ സുലോചനയെ രക്ഷിക്കാനായില്ല. തീ തൊട്ടടുത്ത കെട്ടിടത്തിലേക്കും പടർന്നിരുന്നു.
നാലുനിലയുള്ള കെട്ടിടത്തിനും നാശനഷ്ടം സംഭവിച്ചു. മഴയായതിനാൽ രക്ഷാപ്രവർത്തനവും ദുഷ്കരമായിരുന്നുവെന്ന് സമീപത്തെ സെക്യൂരിറ്റി ജീവനക്കാരനായ രമേശൻ പറഞ്ഞു.
മീഞ്ചന്തയിൽ നിന്നും അഗ്നിരക്ഷ സേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സുലോചനയെ കൂടാതെ അവരുടെ ഭർത്താവ്, അയൽവാസിയായ പ്രസീത, മലബാർ മെഡിക്കൽ കോളേജിലെ ഡോക്ടറായ ഫാത്തിമ, രണ്ട് നഴ്സിംഗ് സ്റ്റാഫുകൾ, ഡ്രൈവർ എന്നിവരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.