പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിലെ രണ്ട് പ്രതികൾക്ക് കോഴിക്കോട് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.മുഖ്യപ്രതി രാഹുലിന്റെ അമ്മ ഉഷാകുമാരിക്കും സഹോദരി കാർത്തികയ്ക്കുമാണ് ജാമ്യം അനുവദിച്ചത്.
പന്തീരങ്കാവ് യുവതിയെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ പങ്കില്ലെന്ന് കാണിച്ചാണ് രാഹുലിന്റെ അമ്മ ഉഷാകുമാരിയും സഹോദരി കാർത്തികയും മുൻകൂർ ജാമ്യപേക്ഷ നൽകിയത്. കേസിലെ രണ്ടും മൂന്നും പ്രതികളാണ് ഉഷാകുമാരിയും കാർത്തികയും.
അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം പൊലീസ് കോടതിയില്‍ സമർപ്പിച്ചതിനെ തുടർന്നാണ് കോഴിക്കോട് സെഷൻസ് കോടതി ഇരുവരുടെയും വാദം കേട്ടത്.യുവതി ആദ്യം നൽകിയ മൊഴിയിൽ തങ്ങൾക്കെതിരെ പരാതി ഇല്ലായിരുന്നു, മറ്റാരുടെയോ പ്രേരണ പ്രകാരമാണ് പിന്നീട് പരാതി നൽകിയത്,അറസ്റ്റ് ചെയ്യാൻ പോലീസ് തിടുക്കം കാണിക്കുന്നു തുടങ്ങിയ വാദങ്ങളാണ് ഇരുവരും ജാമ്യാപേക്ഷയിൽ ഉന്നയിച്ചിരുന്നത്.
ഇതെല്ലാം പരിഗണിച്ചാണ് കോടതി പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്.നേരത്തെ തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ട് തവണ ഇരുവർക്കും അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. അതേസമയം കേസെടുത്തതിനെ തുടർന്ന് വിദേശത്തേക്ക് കടന്നു കളഞ്ഞ രാഹുലിനെ തിരിച്ച് നാട്ടിലേക്ക് എത്തിക്കാനും ഇതുവരെ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.