തൃശൂർ ഡിസിസി ഓഫീസിലെ കൂട്ടതല്ലിൽ അന്വേഷണം നടത്താനൊരുങ്ങി കെ.പി.സി.സി... എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അടക്കമുള്ള നേതാക്കളുടെ നിർദേശത്തെ തുടർന്നാണ് തീരുമാനം. അതേസമയം സംഘർഷത്തിൽ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനെ ഒന്നാം പ്രതിയാക്കി 20 പേർക്ക് എതിരെ തൃശ്ശൂർ ഈസ്റ്റ് പോലീസ് കേസെടുത്തു
കോൺഗ്രസ് പ്രവർത്തകർക്കാകെ നാണക്കേട് ഉണ്ടാക്കിയ കൂട്ടത്തല്ലിൽ കർശന നടപടി വേണമെന്നാണ് ഗ്രൂപ്പ് ഭേദമന്യേ ആവശ്യമുയരുന്നത് . കെ മുരളീധരന്റെ പരാജയത്തിൽ സംശയ നിഴലിൽ ആയ ഡിസിസിയ്ക്ക് വ്യക്തമായ മറുപടി നൽകാൻ ഇനിയും കഴിഞ്ഞിട്ടില്ല. പരാജയത്തിന്റെ ഉത്തരവാദിത്വം ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഏറ്റെടുത്തെങ്കിലും തൃശ്ശൂരിലെ പോസ്റ്റർ യുദ്ധം കൂട്ടത്തല്ല് വരെയെത്തി.
കാര്യങ്ങൾ വരും ദിവസങ്ങളിൽ കൈവിട്ടു പോകും എന്ന് കണ്ടതോടെയാണ് വിഷയത്തിൽ നേരിട്ട് ഇടപെടാനും അന്വേഷണം നടത്താനും കെ. പി. സി. സി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.നിലവിലെ പ്രശ്നങ്ങൾ വഷളാക്കരുതെന്നും പാർട്ടിക്ക് ഇനിയും നാണക്കേട് ഉണ്ടാക്കരുതെന്നുമാണ് ഇരു വിഭാഗത്തിനും നേതാക്കൾ നൽകിയ താക്കീത് .
കെ മുരളീധരനും ഇതേ നിർദ്ദേശം പ്രവർത്തകർക്ക് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ചും ഡിസിസി ഓഫീസിലെ കയ്യാങ്കളിയെ കുറിച്ചും അന്വേഷണം നടത്തുമെന്ന സൂചനകൾ ലഭിക്കുന്നത്. എ. ഐ. സി. സി ജനറൽ സെക്രട്ടറി കെ.സി വേണു ഗോപാലിൻ്റെ അഭിപ്രായം കൂടി തേടിയതിന് ശേഷമാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക.
അങ്ങനെയെങ്കിൽ നാളെയോ മറ്റെന്നാളോ വിഷയം ചർച്ച ചെയ്തു പരിഹരിക്കുന്നതിനായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തൃശ്ശൂരിൽ എത്തും എന്നാണ് സൂചന. അതേസമയം ഇന്നലത്തെ സംഘർഷത്തിൽ പരിക്കേറ്റ സജീവൻ കുരിയച്ചിറ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ആശുപത്രിയിലെത്തി സജീവൻ കുരിയച്ചിറയുടെ മൊഴിയെടുത്ത പൊലീസ് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനെ ഒന്നാം പ്രതിയാക്കി 20 പേർക്ക് എതിരെ കേസെടുത്തു. അന്യായമായി സംഘം ചേരുക, മർദ്ദിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.