നഗ്നനേത്രങ്ങൾ കൊണ്ട് വായിക്കുവാൻ സാധിക്കുന്ന അര സെന്റീമീറ്റർ മാത്രം വലിപ്പമുള്ള പുസ്തകവുമായി വായനാ ലോകത്ത് വീണ്ടും അത്ഭുതം സൃഷ്ടിക്കുകയാണ് ഗിന്നസ് സത്താർ ആദൂർ.
കഥാസമാഹാരങ്ങളുടെ ഒരു സെന്റീമീറ്റർ വലിപ്പമുള്ള പുസ്തകം നിർമ്മിച്ച് വേൾഡ് റെക്കോർഡുകൾ കരസ്ഥമാക്കിയ സത്താർ ആദൂർ ഈ കുഞ്ഞൻ പുസ്തകത്തിലൂടെ തന്റെ റെക്കോർഡ് തന്നെയാണ് ഭേദിക്കുന്നത്.
ഒരു സെന്റീമീറ്ററിനും അഞ്ചു സെന്റീമീറ്ററിനും ഇടയിലുള്ള വ്യത്യസ്തമായ 3,137 മിനിയേച്ചർ പുസ്തകങ്ങൾ രചിച്ച് 2016ൽ ഗിന്നസ് വേൾഡ് റെക്കോർഡ്സ് നേടിയ സാഹിത്യകാരനാണ് തൃശൂർ ആദൂർ സ്വദേശിയായ സത്താർ. സാഹിത്യപ്രവർത്തനം നടത്തി ഗിന്നസ് ബുക്കിൽ ഇടം നേടിയ ആദ്യത്തെ ഏഷ്യക്കാരനും സത്താർ ആദൂരാണ്.
നഗ്നനേത്രങ്ങൾ കൊണ്ട് വായിക്കുവാൻ സാധിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ പുസ്തകത്തിന്റെ രചയിതാവ് എന്ന ബഹുമതിയും ഇപ്പോഴും സത്താർ ആദൂരിന് സ്വന്തമാണ്. 2012ലെ വായനാദിനത്തിൽ പുറത്തിറക്കിയ ഒരു സെന്റീമീറ്റർ നീളവും അര സെന്റീമീറ്റർ വീതിയുമുള്ള 66 ഭാഷ കവിതകൾ ഉൾക്കൊള്ളിച്ച സത്താർ ആദൂരിന്റെ വൺ എന്ന കവിത സമാഹാരം നിരവധി വേൾഡ് റെക്കോർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.
ഈ വായന ദിനത്തിൽ അര സെന്റീമീറ്റർ മാത്രം വീതിയും നീളവും 90 മില്ലിഗ്രാം തൂക്കവുമുള്ള നഗ്നനേത്രങ്ങൾ കൊണ്ട് വായിക്കുവാൻ സാധിക്കുന്ന സാൾട്ട് എന്ന കഥാസമാഹാരം പുറത്തിറക്കിയാണ് സത്താർ സ്വന്തം റെക്കോർഡ് മറികടക്കുന്നത്.
തലക്കെട്ട് ഉൾപ്പെടെ 12 അക്ഷരങ്ങൾ മാത്രം വരുന്ന ലോകത്തിലെ ഏറ്റവും ചെറിയ കഥയായി കണക്കാക്കുന്ന സത്താർ ആദൂർ രചിച്ച ഞാനൊരു കടലായിരുന്നുവെന്ന് ഉപ്പ് എന്ന കഥ ഐ വാസ് എ സീ സാൾട്ട് എന്ന് ഇംഗ്ലീഷിലേക്കും 5 ഇന്ത്യൻ ഭാഷകളിലേക്കും, 63 വിദേശ ഭാഷകളിലേക്കും വിവർത്തനം ചെയ്ത് ഒരു പേജിൽ ഒരു ഭാഷയുള്ള കഥ എന്ന തരത്തിലാണ് പുസ്തകം നിർമ്മിച്ചിരിക്കുന്നത്...
യു.എസ്.എയിലെ ലൈബ്രറി ഓഫ് കോൺഗ്രസ്, യുകെയിലെ ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറി, ചൈനയിലെ ഷാങ്കായ് ലൈബ്രറി, റോമിലെ വത്തിക്കാൻ ലൈബ്രറി തുടങ്ങി ലോകത്തിലെ പ്രശസ്തമായ 35 ലൈബ്രറികളിലേക്ക് പുസ്തകങ്ങൾ എത്തിക്കുക എന്നതാണ് സത്താർ ആദൂരിന്റെ അടുത്ത ലക്ഷ്യം.
വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി 2008 മുതൽ കഥകളും കവിതകളും മിനിയേച്ചർ പുസ്തക രൂപത്തിലാക്കി മുപ്പതിനായിരത്തോളം കോപ്പികൾ സത്താർ ഇതിനോടകം സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. വ്യക്തിഗതയിനത്തിൽ ഗിന്നസ് നേട്ടം കൈവരിച്ചവരുടെ സംഘടനയായ ആഗ്രഹിന്റെ സംസ്ഥാന പ്രസിഡൻ്റും കൂടിയാണ് ഗിന്നസ് സത്താർ ആദൂർ.