ഇടുക്കിയില്‍ വിവിധ മൃഗാശുപത്രികളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്നില്ല .അടിയന്തിര ആവശ്യങ്ങള്‍ക്കായി വളര്‍ത്തു മൃഗങ്ങളുമായി കര്‍ഷകര്‍ ആശുപത്രികള്‍ എത്തുമ്പോഴാണ് ഡോക്ടര്‍ ഇല്ലെന്ന് മനസിലാവുന്നത് . റിട്ടയര്‍മെന്റ് മൂലം ഉണ്ടായ ഒഴിവുകള്‍ മാസങ്ങളായിട്ടും നികത്താത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം .
ഇടുക്കിയിലെ അതിര്‍ത്തി മേഖലയിലെ ആശുപത്രികളിലാണ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകാത്തത്. നെടുങ്കണ്ടത്ത് കഴിഞ്ഞ ജനുവരി മുതല്‍ ഡോക്ടര്‍ ഇല്ല. ഇവിടുത്തെ അസിസ്റ്റന്‍ പ്രൊജക്ട് ഓഫീസര്‍ തസ്തികയിലെ ഡോക്ടറും ഏതാനും നാളുകള്‍ക്ക് മുന്‍പ് റിട്ടയര്‍ ആയി.
മുണ്ടിയെരുമയിലെ ആശുപത്രിയിലും സമാന സാഹചര്യമാണ് ഉള്ളത്. കൂട്ടാറിലെ ഡോക്ടറിനാണ് നെടുങ്കണ്ടത്തിന്റെ അധിക ചുമതല, കമ്പംമെട്ട് ചെക്‌പോസ്റ്റിന്റെ ചുമതലയും നിലവില്‍ ഇതേ ഡോക്ടറിനാണ്. കട്ടപ്പനയ്ക്കാണ് നെടുങ്കണ്ടം അസി പ്രൊജക്ട് ഓഫീസിന്റെ ചുമതല. ഇക്കാരണത്താല്‍ ആശുപത്രികളില്‍ മിക്ക ദിവസങ്ങളിലും ഡോക്ടറുടെ സേവനം ലഭ്യമാകുന്നില്ല
ജില്ലയില്‍ ഏറ്റവും അധികം കന്നുകാലി കര്‍ഷകര്‍ ഉള്ള മേഖല കൂടിയാണ്, തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങള്‍. വിവിധ രോഗങ്ങള്‍ ബാധിച്ച കന്നുകാലികളേയും മറ്റ് വളര്‍ത്ത് മൃഗങ്ങളേയും വാഹനത്തില്‍ കയറ്റി ആശുപത്രിയില്‍ എത്തിയ്ക്കുമ്പോഴാണ് ഡോക്ടറുടെ സേവനം ലഭ്യമല്ല എന്ന വിവരം കര്‍ഷകര്‍ അറിയുന്നത്. അതേ സമയം ഉടന്‍ ഒഴിവുകള്‍ നികത്തുമെന്നാണ് മൃഗ സംരക്ഷണ വകുപ്പിന്റെ വിശദീകരണം.