തൃശൂർ: മുളങ്കുന്നത്തുകാവ് കോഴിക്കുന്നിൽ ടൂവീലർ സ്പെയർപാർട്സ് ഗോഡൗണിൽ വൻ തീപിടിത്തം. വൈകിട്ട് ഏട്ട് മണിയോടെ ആണ് സംഭവം. കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഓട്ടോനിറ്റി എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. തീപിടിത്തത്തിൽ ഒരു വെൽഡിംഗ് തൊഴിലാളി മരിച്ചു. നെന്മാറ സ്വദേശി ലിബിൻ ആണ് മരിച്ചത്. വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തൽ. വൻ തോതിൽ തീ ഉയർന്നതോടെ നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്.
പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി. വടക്കാഞ്ചേരിയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് ആദ്യം സ്ഥലത്തെത്തിയത്. പിന്നീട് കൂടുതൽ യൂണിറ്റുകളെ എത്തിച്ച് ഇപ്പോഴും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഒഴിഞ്ഞ ഒറ്റപ്പെട്ട പ്രദേശമായതിനാൽ വൻ അപകടം ഒഴിവായി. സ്ഥാപനം പൂർണമായി കത്തി നശിച്ചു.