തൃശൂര്‍ കാരതട്ടും കടവില്‍ നിയമ വിരുദ്ധ മത്സ്യബന്ധനം നടത്തിയ 2 ബോട്ടുകള്‍ പിടിച്ചെടുത്തു. പെയര്‍ ട്രോളിങ്ങ് നടത്തിയ കൈപ്പമംഗലം ബീച്ച് സ്വദേശികളുടെ വള്ളങ്ങളാണ് പിടിച്ചെടുത്തത്.
പരമ്പരാഗത വള്ളക്കാര്‍ എന്ന വ്യാജേന പെയര്‍ ട്രോളിങ്ങ് നടത്തിയ കൈപ്പമംഗലം ബീച്ച് സ്വദേശികളായ ധനീഷ്, രമേഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ള വള്ളങ്ങളാണ് പിടിച്ചെടുത്തത്. അഴീക്കോട് കോസ്റ്റല്‍ പൊലീസും ഫിഷറീസ് സ്റ്റേഷന്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും വിജിലന്‍സ് വിങ്ങും സംയുക്തമായി നടത്തിയ പട്രോളിങ്ങിലാണ് അനധികൃത മത്സ്യബന്ധനം ശ്രദ്ധയില്‍പെട്ടത്.
നിരോധിത വലയായ ഡബിള്‍ നെറ്റ് ഉപയോഗിച്ച് 2 ബോട്ടുകാര്‍ ചേര്‍ന്ന് മീന്‍ പിടിക്കുന്ന രീതിയാണ് പെയര്‍ ട്രോളിങ്ങ്. അശാസ്ത്രീയ മത്സ്യബന്ധനത്തില്‍ മത്സ്യക്കുഞ്ഞുങ്ങളും മുട്ടകളും വലയിലകപ്പെടുകയും ഇത് മത്സ്യസമ്പത്തിന്റെ നാശത്തിനു കാരണമാകുകയും ചെയ്യുന്നു.
സംസ്ഥാനത്ത് ട്രോളിങ്ങ് നിരോധനം തുടരുന്നതിനിടെയാണ് കാരതട്ടും കടവില്‍ അശാസ്ത്രീയ മത്സ്യ ബന്ധനം. തൃശൂര്‍ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ബോട്ട് ഉടമകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.
അശാസ്ത്രീയ മത്സ്യബന്ധനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വരും ദിവസങ്ങളില്‍ എല്ലാ ഹാര്‍ബറുകളിലും ഫിഷ് ലാന്റിങ്ങ് സെന്ററുകളിലും സ്‌പെഷല്‍ ടാസ്‌ക് സ്വാഡുകളുടെ പരിശോധന ഉണ്ടാകുമെന്നും തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി സുഗന്ധകമാരി അറിയിച്ചു.