Share this Article
എഡിജിപിയ്ക്ക് മുകളിൽ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി എഡിജിപിയെ കെട്ടിപ്പിടിച്ച് ഇരിക്കുന്നു; പരിഹസിച്ചും ആഞ്ഞടിച്ചും അൻവർ
വെബ് ടീം
posted on 30-09-2024
1 min read
PV ANWAR

കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമിയുടെ തിരോധാനത്തിൽ പുതിയ ആരോപണങ്ങളുമായി പി.വി.അൻവർ എംഎൽഎ. പണത്തിനു മുന്നിൽ ഒന്നും പറക്കില്ലെന്നപോലെ എഡിജിപി അജിത്തിന് മുകളിൽ ഒന്നും പറക്കില്ലെന്ന് അൻവർ പറഞ്ഞു. മാമി കേസ് അന്വേഷണത്തിൽ എല്ലാവരും തൃപ്തരായിരുന്നെന്നും അതിനിടെ അന്വേഷണ ഉദ്യോഗസ്ഥനെ പൊലീസിൽ നിന്നും തിരുവനന്തപുരത്ത് എക്സൈസിലേക്ക് മാറ്റിയെന്നും അൻവർ ആരോപിച്ചു. ‘‘അന്വേഷണം പൂർത്തിയാക്കാൻ ഈ ഉദ്യോഗസ്ഥനെ തന്നെ അനുവദിക്കണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് കൺവീനറായ ടി.പി. രാമകൃഷ്ണനും സിപിഐഎം ജില്ലാ സെക്രട്ടറിക്കും എളമരം കരീമിനും മുഹമ്മദ് റിയാസിനും മുഖ്യമന്ത്രിക്കും രണ്ടാഴ്ച മുന്നേ ഞാനൊരു കത്ത് കൊടുത്തു. ക്രൈംബ്രാഞ്ച് എഡിജിപിയുടെ ഓഫിസിൽ 20 മിനിറ്റോളം ഇരുന്നു. മെയിൽ ഡിജിപിക്ക് കൊടുക്കുന്നത് കണ്ടിട്ടാണ് ഞാൻ എഡിജിപിയുടെ ഓഫിസിൽ നിന്നും ഇറങ്ങിയത്. വീണ്ടും മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തിട്ടും അദ്ദേഹത്തെ അന്വേഷണത്തിനായി നിയമിച്ച് ഉത്തരവിറങ്ങിയിട്ടില്ല’’–അൻവർ പറഞ്ഞു.

കൊള്ളസംഘത്തിനു വിഹരിക്കാൻ പൊലീസിന്റെ ചെറിയ വിഭാഗം അവരോടൊപ്പമുണ്ട്. അതിൽ നയം വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണ്. രണ്ട് ദിവസം കഴിഞ്ഞാൽ അജിത് കുമാർ സ്ഥാനത്ത് നിന്നും മാറും. മാറിയിട്ടെന്ത് കാര്യം ? അടുത്ത കസേരയിൽ കയറി ഇരിക്കും. ഈ വിഷയത്തിൽ നീതി പുലരുമോയെന്ന് 52 ശതമാനം ഞാൻ സംശയിക്കുകയാണ്. സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥരെ പൊലീസ് ആസ്ഥാനത്ത് ഷണ്ഡീകരിച്ചിരിക്കുകയാണ്. എസ്ഐമാർ ഉൾപ്പെടെ മഹാഭൂരിപക്ഷത്തെയും ഷണ്ഡീകരിച്ച് മൂലയ്ക്ക് ഇരുത്തിയിരിക്കുകയാണ്. പരിപാടി നടത്തുന്ന സ്ഥലങ്ങളിലൊക്കെ പലയിടത്തും വൈദ്യുതി വിച്ഛേദിക്കുകയാണ്.

പൂരം കലക്കാൻ സംവിധാനം ഉണ്ടാക്കിക്കൊടുത്ത് വർഗീയതയ്ക്ക് വഴിയൊരുക്കി കൊടുത്തത് ആരാണ്? ഉത്തരം പറയേണ്ടവർ ഉത്തരം മുട്ടിക്കുകയാണ്. എതിരാളി ഫാഷിസ്റ്റാണെന്നു മനസിലാക്കിയാൽ അത് മനസിലാക്കി ഇവിടെ നിൽക്കാം. രക്ഷകൻ വീടിനകത്ത് പൊട്ടക്കിണറ് കുഴിച്ചുവച്ചിട്ടുണ്ടെങ്കിൽ ആരും വീണുപോകും. മാമി വിഷയത്തിൽ ശക്തമായ നിലപാടുമായി മുന്നോട്ടുപോകും.

ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ എന്റെ കാലുപിടിച്ചതു നിങ്ങൾ കണ്ടതാണ്. അടിമയായി നിൽക്കാമെന്ന് സുജിത്ത് ദാസ് പറഞ്ഞിട്ടും ‍ഞാൻ കൂടെ നിന്നില്ല. എന്നെ ഒന്നു സമാധാനിപ്പിക്കാൻ നടത്തിയ ഇടപാടാണ് സുജിത്ത് ദാസിന്റെ സസ്പെൻഷൻ. എന്നെ സമാധാനിപ്പിക്കാമെന്ന് കരുതിയവരുടെ കണക്കുക്കൂട്ടലുകൾ തെറ്റി. കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾ പറ്റിക്കപ്പെടുന്നുവെന്ന് എനിക്ക് തോന്നി. വലിയ വലിയ ഓഫറുകൾ വന്നപ്പോൾ പോയി പണി നോക്കാനാണ് ഞാൻ പറഞ്ഞത്.

കഴിഞ്ഞ ഒന്നൊന്നര വർഷത്തിനിടെ കാര്യങ്ങൾ മാറിമറിഞ്ഞത് പാർട്ടി അന്വേഷിച്ച് കണ്ടെത്തണം. പൊലീസിന്റെ മനുഷ്യത്വരഹിതമായ പെരുമാറ്റമാണ്  പാർട്ടിയോടും മുന്നണിയോടും ഉള്ള സാധാരണക്കാരന്റെ അടുപ്പം ഇല്ലാതാക്കിയത്.എല്ലാവർക്കും സ്വന്തം കാര്യമാണ്. ഇത് സാമൂതിരിയുടെയും കുഞ്ഞാലി മരയ്ക്കാറുടെയും നാടാണെന്ന് കോഴിക്കോട് മറക്കരുത്. അർജുനെയും മനാഫിനെയും കണ്ടില്ലേ. അതാണ് മതസൗഹാർദം. അതിനെ തകർക്കാൻ ആർഎസ്എസുമായി ചേർന്ന് പ്രവർത്തിക്കുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി.

സിപിഐഎമ്മാണ് ഹിന്ദുത്വ ശക്തികളെ ഏറ്റവും ശക്തമായി നേരിട്ടതെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. അതിൽ തർക്കമില്ല. പക്ഷെ ഇപ്പോഴത്തെ സ്ഥിതി എന്താണ്. മലപ്പുറം ഏറ്റവും ക്രിമിനൽ സംഘങ്ങളുള്ള സ്ഥലമെന്നാണു മുഖ്യന്ത്രി ദേശീയ പത്രത്തോട് പറഞ്ഞത്. ഈ വാർത്ത നേരെ ഡൽഹിയിലേക്കാണ് പോകുന്നത്. സദുദ്ദേശ്യപരമാണോ, ഇത് ദുരുദ്ദേശ്യപരമാണോ. പിടിക്കപ്പെട്ടവന്റെ പാസ്പോർട്ട് പരിശോധിച്ച് അവൻ ഏത് ജില്ലക്കാരനാണെന്നു നോക്കണം. ഒരു സമുദായത്തിനു മേൽ കേസുകൾ അടിച്ചേൽപ്പിക്കുകയാണ്. ഇത് ശരിയായ രീതിയിലുള്ള പോക്കല്ല.

മാമി കേസിന്റെ മറ്റൊരു രൂപമാണ് ഹാഷിർ കേസ്. അന്വേഷണം പരിതാപകരമാണ്. പുനരന്വേഷണത്തിനു നിയമ പോരാട്ടം നടത്തും. നിയമത്തിനു വിധേയമായി ജീവിക്കുന്നുവെന്ന് പറഞ്ഞിട്ട് ഒരു കേസുമില്ല. നൂറിലധികം ചെറുപ്പക്കാരെ എംഡിഎംഎയുമായി ബന്ധപ്പെട്ട കള്ളക്കേസിൽ കുടുക്കിയിരിക്കുകയാണ്. ലഹരിക്കടത്തിന് പിന്നിൽ പൊലീസുകാരുണ്ട്. സുജിത്ത് ദാസ് പൊതു സമൂഹത്തിനു മുന്നിൽ ഏറ്റവും കൂടുതൽ സ്വർണവും എംഡിഎംഎ കേസും പിടിച്ചവനാണ്. യുഎൻ അവാർഡ് കൊടുക്കേണ്ട ബുദ്ധിയാണ് സുജിത്ത് ദാസിന്.വടകര പാനൂരിൽ 17 വയസുള്ള മുഹമ്മദ് ഹാഷിർ മയക്കുമരുന്ന് സംഘത്തിന്റെ അടിമയായതും ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടതുമായ സംഭവം വിശദീകരിച്ചാണ് അൻവറിന്റെ പ്രസംഗം.

അത്യാവശ്യം റിയൽ എസ്റ്റേറ്റ് ഏർപ്പാട് നടത്തി ജീവിക്കുന്നവർ ഇവിടെയുണ്ട്. മാമി കേസ് പോലെ ഇവിടെ ആർക്കും സംഭവിക്കാം. ഈ കാര്യങ്ങൾ കൈവിട്ടു പോകും. പൊലീസിലെ ക്രിമിനൽവൽക്കരണം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. മാമി കേസിനെക്കാൾ വലിയൊരു പ്രമാദമായ കേസ് ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

നിലമ്പൂരിലെ പൊതുസമ്മേളനത്തിനു പിന്നാലെയാണ് പി.വി. അൻവർ ഇന്ന് കോഴിക്കോട് മുതലക്കുളത്ത് സംസാരിക്കുന്നത്. കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തില്‍ എഡിജിപി എം.ആര്‍. അജിത് കുമാറിന് ഒളിഞ്ഞും തെളിഞ്ഞും പങ്കുണ്ടെന്നു പി.വി. അന്‍വര്‍ നേരത്തെ ആരോപിച്ചിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories