Share this Article
കൈക്കൂലി കേസിൽ അറസ്റ്റിലായ രാഹുൽ രാജിനെതിരെ വിശദമായ അന്വേഷണം തുടങ്ങി
Defendant

കൈക്കൂലി കേസിൽ അറസ്റ്റിലായ ഇടുക്കി ഡിഎംയ്ക്കൊപ്പം അറസ്റ്റിലായ രാഹുൽ രാജിൻറെ പണമിടപാടുകൾ സംബന്ധിച്ച് വിജിലൻസ് വിശദമായ അന്വേഷണം തുടങ്ങി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ  രാഹുൽരാജിനെ റിമാൻഡ് ചെയ്തു.

ഒൻപതാം തീയതിയാണ് ചിത്തിരപുരത്തുള്ള പനോരമിക് ഗെറ്റ എവേ എന്ന റിസോർട്ടിന് ശുചിത്വവുമായി ബന്ധപ്പെട്ട എൻഒസി നൽകുന്നതിന് 75000 രൂപ കൈക്കൂലി വാങ്ങി കേസിൽ ഇടുക്കി ഡിഎംഒ ആയിരുന്ന എൽ മനോജിനെയും ഇദ്ദേഹത്തിൻറെ സുഹൃത്തിൻറെ ഡ്രൈവർ എരുമേലി പുഞ്ചവയൽ തെക്കേടത്ത് രാഹുൽ രാജിനെയും വിജിലൻസ് അറസ്റ്റു ചെയ്തത്.

രാഹുലിനെ വിശദമായി ചോദ്യം ചെയ്യുന്നതിന് ഇടുക്കി വിജിലൻസ് ഡിവൈഎസ് പിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ വാങ്ങിയിരുന്നു. രാഹുൽ രാജിൻറെയും ചെമ്പകപ്പാറ പിഎച്ച്സിയിലെ ഡോ ഷെഹിൻറെ അമ്മഞ്ചേരിയിലുള്ള വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

മൂന്നു വർഷത്തിനിടെ രണ്ടു കോടിയിലധികം രൂപ രാഹുൽ രാജിൻറെ അക്കൗണ്ടിലേക്ക് എത്തിയതായി വിജിലൻസിൻറെ പരിശോധനയിൽ കണ്ടത്തിയിട്ടുണ്ട്.  തൻറെയും താൻ ഡ്രൈവറായി ജോലി നോക്കുന്ന ഡോക്ടറുടെയും ബിസിനസിൽ നിന്നും ലഭിച്ച പണമാണിതെന്നാണ് രാഹുൽ രാജ് വിജിലൻസിന് നൽകിയിരിക്കുന്ന മൊഴി.

ഇതിൽ കൈക്കൂലിപ്പണവും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തൽ.  ഇതിൽ വ്യക്തത വരുത്താൻ പണം ഇട്ടവരുടെ വിവരങ്ങൾ വിജിലൻസ് ശേഖരിച്ചിട്ടുണ്ട്.ഡിഎംഒ മനോജിൻറെ അക്കൗണ്ടിലേക്ക് രാഹുൽ മുൻപ് പണം അയച്ചതിൻറെ തെളിവുകളും വിജിലൻസിന് കിട്ടിയിട്ടുണ്ട്. മനോജ് 50,000 രൂപ കൈക്കൂലി വാങ്ങിയതായി മൂന്നാറിലെ അൽ ബുഹാരി ഹോട്ടലുടമയും പരാതി നൽകിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories