Share this Article
വയനാട് ദുരന്തസഹായത്തില്‍ കേന്ദ്രത്തിന്റെത് വിപരീത നിലപാട്; പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബിജെപി ഡീല്‍;ആത്മകഥാവിവാദം പാര്‍ട്ടിയെ ബാധിക്കില്ല,ഇപി പറഞ്ഞതാണ് പാര്‍ട്ടി വിശ്വസിക്കുന്നതെന്നും എം വി ഗോവിന്ദന്‍ മാസ്റ്റർ
വെബ് ടീം
posted on 15-11-2024
1 min read
WAYANAD LANDSLIDE

തിരുവനന്തപുരം: വയനാട് ദുരന്തസഹായത്തില്‍ കേന്ദ്രത്തിന്റെത് വിപരീത നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ. പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി മൂന്ന് മാസം കഴിഞ്ഞിട്ടും ധനസഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഇത്രയൊന്നും ദുരന്തമില്ലാത്ത സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ധനസഹായം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പൊതുതാത്പര്യത്തിനെതിരായ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് എംവി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ചുനില്‍ക്കുന്ന സ്ഥിതിയാണ് അനുഭവത്തിലുളളത്. സംസ്ഥാനത്തിന്റെ പൊതുതാത്പര്യത്തിന് വിരുദ്ധമായാണ് കേന്ദ്രസര്‍ക്കാര്‍ നിലകൊള്ളുന്നത്. സാലറി ചാലഞ്ചിനെ എതിര്‍ത്ത കോണ്‍ഗ്രസ് ഇക്കാര്യത്തിലും കേരളത്തിലെ പൊതുതാത്പര്യത്തിനൊപ്പമല്ല പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രി കേരളം സന്ദര്‍ശിച്ചതിന് പിന്നാലെ സഹായം ചെയ്യുമെന്ന് പ്രഖ്യാപിച്ചതാണ്. മൂന്ന് മാസമായി ഒന്നും നല്‍കിയിട്ടില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നാണ് കേന്ദ്രം അറിയിച്ചത്. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ പുനരധിവാസപ്രവര്‍ത്തനത്തിന് അന്താരാഷ്ട്ര ദേശീയ ബഹുരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്നും മറ്റും സഹായം ലഭിക്കാന്‍ കഴിയുമായിരുന്നു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിനൊപ്പം ദുരന്തബാധിരുടെ വായ്പകള്‍ എഴുതിത്തള്ളുക  എന്നതിനൊന്നും ഒരുതരത്തിലുമുളള പ്രതികരണം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. പ്രളയമുണ്ടായതിന് പിന്നാലെ മന്ത്രിമാരെ വിവിധ രാജ്യങ്ങളിലേക്ക് അയക്കാന്‍ തീരുമാനിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ എടുത്ത നിലപാട് നിഷേധാത്മകമായിരുന്നെന്നും ഗോവിന്ദന്‍ പറഞ്ഞു.

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബിജെപി ഡീല്‍ ഉണ്ട്. ഇതിനെതിരെ കോണ്‍ഗ്രസിനകത്ത് വലിയ പൊട്ടിത്തെറിയാണ് ഉണ്ടായത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ഒന്‍പത് നേതാക്കളാണ് രാജിവച്ചത്. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ തന്നെയാണ് അവര്‍ രാജിവയ്ക്കാനുണ്ടായ പശ്ചാത്തലം. എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള മത്സരമാണ് പാലക്കാട്ട് നടക്കുന്നത്. ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകും. പാലക്കാട് നല്ല രീതിയില്‍ എല്‍ഡിഎഫ് മുന്നേറിയിട്ടുണ്ട്. കഴിഞ്ഞ തവണ ഇ ശ്രീധരന് ലഭിച്ച വോട്ട് ബിജെപിക്കും ഷാഫിക്ക് ലഭിച്ച വോട്ട് യുഡിഎഫിനും ലഭിക്കാന്‍ പോകുന്നില്ല. മത്സരത്തിന്റെ അവസാനവാക്ക് ജനങ്ങളുടെതാണ്. അത് സരിന് അനുകൂലമാകും.

ഇപി ജയരാജന്റെ ആത്മകഥാവിവാദം പാര്‍ട്ടിയെ ബാധിക്കില്ല. ഇല്ലാത്തകാര്യം പ്രചരിപ്പിച്ചുവെന്നാണ് മനസിലായത്. എഴുതാത്ത കാര്യമാണ് പ്രചരിപ്പിച്ചതെന്ന് ജയരാജന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇപി പറഞ്ഞതാണ് പാര്‍ട്ടി വിശ്വസിക്കുന്നത്. ആരാണ് ഇക്കാര്യം പുറത്തുവിട്ടതെന്ന് അന്വേഷണത്തിലൂടെ പുറത്തുവരും. ഡിസി ബുക്‌സിന് ആരും പുസ്തകം നല്‍കിയിട്ടില്ല. ആരുമായും കരാര്‍ ഉണ്ടാക്കിയിട്ടില്ല. പിന്നെ എങ്ങനെയാണ് ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന തീയതി പ്രഖ്യാപിക്കുക. ഇത് വ്യാജമായി രൂപപ്പെടുത്തിയതാണ്. ഇക്കാര്യത്തില്‍ ജയരാജനെതിരെ പാര്‍ട്ടി അന്വേഷണം ഉണ്ടാവില്ല. ഇക്കാര്യത്തില്‍ ജയരാജനോട് വിശദീകരണം തേടിയിട്ടുമില്ലെന്ന് ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories