ചൈനയില്‍ അജ്ഞാത വൈറസ് മൂലം കുട്ടികളില്‍ ന്യൂമോണിയ പടരുന്ന സാഹചര്യം സംസ്ഥാനം സൂക്ഷ്മമായി വിലയിരുത്തുന്നു. ഇത് സംബന്ധിച്ച് വിദഗ്ദ്ധ സമിതി യോഗം ചേര്‍ന്നു കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് കോഴിക്കോട് പറഞ്ഞു.
അജ്ഞാത വൈറസ് മൂലം കുട്ടികളില്‍ ന്യൂമോണിയ പടരുന്ന വാര്‍ത്തകള്‍ ആദ്യം പുറത്തുവന്നപ്പോള്‍ തന്നെ വിദഗ്ധസമിതി ചേര്‍ന്ന് എന്ത് ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആലോചിച്ചിരുന്നു. തന്റെ അധ്യക്ഷതയില്‍ ഡോക്ടര്‍മാരുടെ യോഗവും ചേര്‍ന്നു. നമ്മുടെ ടീം അലര്‍ട്ടാണ്. ലോകാരോഗ്യ സംഘടന ചൈനയുമായി സംസാരിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ടതില്ലെന്നാണ് ചൈന പറഞ്ഞിട്ടുള്ളത്. ചൈനയില്‍ കൂടുതല്‍ കാലം ലോക്ക് ഡൗണ്‍ ഉണ്ടായിരുന്നതുകൊണ്ട് കുട്ടികളില്‍ സ്വാഭാവികമായും ഉണ്ടാകേണ്ട പ്രതിരോധശേഷിയുടെ കുറവ് സംഭവിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് അജ്ഞാത വൈറസ് മൂലം ചൈനയിലെ കുട്ടികളില്‍ ന്യൂമോണിയ പടരുന്നതെന്നും മന്ത്രി വീണാ ജോര്‍ജ് കോഴിക്കോട് വ്യക്തമാക്കി.
കോവിഡ് ആഘാതത്തില്‍നിന്ന് ലോകം കരകയറും മുന്‍പേ ചൈനയില്‍നിന്ന് വീണ്ടും ആശങ്കയുടെ വാര്‍ത്തയാണ് പുറത്തുവരുന്നത്. വടക്കന്‍ ചൈനയിലെ നൂറു കണക്കിന് കുട്ടികള്‍ ന്യുമോണിയ ബാധ കാരണം കൂട്ടത്തോടെ ആശുപത്രികളിലാണ്. ആശുപത്രികള്‍ ന്യുമോണിയ ബാധിതരായ കുട്ടികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു എന്നാണ് വിവരം. ഈ സാഹചര്യത്തില്‍ ഇന്ത്യയും ജാഗ്രതയിലാണെന്ന് അറിയിച്ചിരിക്കുകയാണ് നമ്മുടെ ആരോഗ്യമന്ത്രാലയം. നിലവില്‍ രാജ്യത്ത് ഇതുവരേക്കും സംശയകരമായ കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അങ്ങനെയൊരു രോഗകാരിയുടെ വരവ് ഉണ്ടായിട്ടില്ലെന്നുമാണ് പത്രക്കുറിപ്പിലൂടെ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. എങ്കില്‍ പോലും രാജ്യം മുന്നൊരുക്കത്തിലാണ് എന്നും ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു.