ഡിസംബർ പോലുള്ള തണുപ്പുള്ള കാലാവസ്ഥയിൽ പല്ല് സെൻസിറ്റീവ് ആയിത്തീരുന്നത് കൊണ്ട് വേദന കൂടുതലായി അനുഭവപ്പെടാം. പല്ലുവേദന ഉണ്ടാകാനുള്ള സാധാരണ കാരണങ്ങൾ:
പല്ലിൽ ഉണ്ടാകുന്ന ചെറിയ ദന്തക്ഷയം പല്ലിന്റെ ഉള്ളിലെ നാഡികളെ ബാധിക്കുകയും വേദനയ്ക്ക് കാരണമാവുകയും ചെയ്യും. മോണയിലെ അണുബാധ മൂലവും പല്ലിന്റെ ചുവട്ടിൽ വീക്കവും വേദനയും ഉണ്ടാകാം. കൂടാതെ തണുപ്പുള്ള കാലാവസ്ഥയിൽ പല്ലുകൾ സെൻസിറ്റീവ് ആയിത്തീരുന്നത് കൊണ്ട് തണുത്ത വെള്ളം കുടിക്കുമ്പോഴോ, ഐസ്ക്രീം കഴിക്കുമ്പോഴോ വേദന അനുഭവപ്പെടാം. ഏത് തരത്തിലുള്ള പല്ലുവേദനയാണെങ്കിലും അത് അവഗണിക്കരുത്. വേദനയുണ്ടായാൽ ഡോക്ടറെ സമീപിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. പല്ലിന്റെ പ്രശ്‌നങ്ങൾ മനസിലാക്കി കൃത്യമായ സംരക്ഷണങ്ങൾ നൽകേണ്ടത് അത്യാവശ്യമാണ്. എന്നാൽ വേദന വരുന്ന സമയങ്ങളിൽ ചെറിയൊരാശ്വാസം ലഭിക്കാൻ ചില വീട്ടു വൈദ്യങ്ങൾ ചെയ്യുന്നത് നല്ലതാണ്. ഇത് വേദനയ്ക്ക് ചെറിയൊരാശ്വാസം ലഭിക്കാൻ സഹായിക്കും.
പല്ലു വേദന ഉള്ളപ്പോൾ ഉപ്പ് വെള്ളം കൊണ്ട് വായ കഴുകുന്നതും കവിൾകൊള്ളുന്നതും പല്ലു വേദന മാറാനും പല്ലുകളുടെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. പല്ലുവേദനയ്ക്കുള്ള ലളിതവും എന്നാൽ ഫലപ്രദവുമായ പ്രതിവിധിയാണിത്. ഒരു ദിവസം രണ്ടോ മൂന്നോ നേരം ഇത്തരത്തിൽ ചെയ്യുന്നത് നല്ലതാണ്.
ഗ്രാമ്പൂ പൊടിച്ച് വെളിച്ചെണ്ണയിൽ കലർത്തി വേദനയുള്ള പല്ലിൽ പുരട്ടുകയോ അല്ലെങ്കിൽ അൽപം ചൂടുള്ള ഗ്രാമ്പൂ ചായ കുടിക്കുകയോ ചെയ്യുന്നത് വേദന കുറക്കാൻ സഹായിക്കുന്നു
പല്ല് വേദന മാറാൻ ഏറ്റവും മികച്ച ഒന്നാണ് വെളുത്തുള്ളി. ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള ഇത് ബാക്ടീരിയകളെ നശിപ്പിക്കുകയും വേദന സംഹാരിയായി പ്രവർത്തിക്കുകയും ചെയ്യും. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന 'അല്ലിസിൻ' എന്ന ഘടകം നല്ലൊരു അണുനാശിനിയാണ്.
കുറച്ച് ഐസ് ഒരു തൂവാലയിൽ പൊതിഞ്ഞ് ഇത് മുഖത്തിന്റെ വേദനയുള്ള ഭാഗത്ത് കുറച്ച് നേരം വയ്ക്കുക. കുറച്ച് നേരം വെച്ച് കഴിയുമ്പോൾ നല്ലൊരാശ്വാസം ലഭിക്കാൻ ഇങ്ങനെ ഉപയോഗിക്കുന്നത് നല്ലതാണ്. തണുപ്പ് പിടിക്കുന്ന കോൾഡ് കംപ്രസ് രീതി ഉപയോഗിക്കുന്നത് ചെറിയൊരാശ്വാസം ലഭിക്കാൻ കാരണമാവും.
ടീ ബാഗ് പല്ല് വേദനയ്ക്കുളള നല്ല ഒരു പരിഹാരമാണ്. ടീ ബാഗ് വെള്ളത്തിലിട്ട് ചൂടാക്കി അത് വേദനയുള്ള ഭാഗത്ത് അമർത്തി പിടിച്ചാലും വേദനക്ക് ആശ്വാസം ലഭിക്കും.