ജീവിതത്തിലൊരിക്കലെങ്കിലും ഇഞ്ചക്ഷനെ പേടിക്കാത്തവരില്ലെന്നത് വെറുതെ പറയുന്നതല്ല.ചിലർ ഇഞ്ചക്ഷനെ പേടിച്ച് അലമുറയിട്ട് കരയുന്നതും നമ്മൾ കണ്ടിട്ടുണ്ട്. ആശുപത്രിയിലെത്തിയാൽ സൂചിയുമായി കുത്തിവയ്പ്പെടുക്കാന്‍ വരുന്ന നഴ്സ് കുട്ടികളുടെയും ചിലപ്പോഴെല്ലാം മുതിര്‍ന്നവരുടെയും പേടി സ്വപ്നമാണ്. എന്നാല്‍ ഇനി ആ പേടി വേണ്ട, സൂചിയില്ലാതെ കുത്തിവെപ്പ് എടുക്കാൻ കഴിയുന്ന സിറിഞ്ച് കണ്ടെത്തിയിരിക്കുകയാണ് ബോംബെ ഐഐടി.
ഇവ ഉപയോഗിക്കുമ്പോൾ തൊലിയ്ക്ക് നാശമുണ്ടാക്കുകയോ അണുബാധയുണ്ടാക്കുകയോ ചെയ്യില്ല.ഐഐടി ബോംബെയിലെ എയറോസ്‌പേസ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊഫ. വിരേന്‍ മെനസെസിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഷോക്ക് വേവ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിറിഞ്ച് വികസിപ്പിച്ചെടുത്തത്. മൂര്‍ച്ചയുള്ള സൂചി ഉപയോഗിച്ച് ചര്‍മം തുളയ്ക്കാതെ തന്നെ മരുന്ന് ഉള്ളില്‍ എത്തിക്കാന്‍. ദ്രാവക രൂപത്തിലുള്ള മരുന്നുകള്‍ ഷോക്ക് വേവിലൂടെയാണ് ശരീരത്തില്‍ പ്രവേശിക്കുക.
ബോള്‍പോയിന്റ് പേനയുടെ വലിപ്പമുള്ള ഉപകരണത്തില്‍ പ്രത്യേകം രൂപകല്‍പന ചെയ്ത നോസില്‍ സജ്ജീകരിച്ചിട്ടുണ്ട്. മനുഷ്യന്റെ മുടിയുടെ അത്രമാത്രം വ്യാസമാണ് നോസിലിന് ഉള്ളത്. വിമാനത്തിന്റെ വേഗത്തേക്കാൾ ഇരട്ടി വേഗതയിലാണ് ഈ സിറിഞ്ച് ശരീരത്തിനുള്ളില്‍ പ്രവേശിക്കുക. രോഗി അറിയുകയേ ഇല്ല. എലികളില്‍ നടത്തിയ പരീക്ഷണം വന്‍ വിജയമായതോടെയാണ് മനുഷ്യരില്‍ പരീക്ഷണത്തിന് തയാറായത്.
അനസ്തേഷ്യ മരുന്ന് പരീക്ഷണത്തില്‍ സാധാരണ സിറിഞ്ചുകളുടെ അതേ ഫലപ്രാപ്തിയുണ്ടായി. 3–5 മിനിറ്റിനുള്ളില്‍ മരുന്ന് പ്രവര്‍ത്തിച്ച് തുടങ്ങുകയും 20–30 മിനിറ്റുകള്‍ അതിന്‍റെ ഇഫക്ട് നിലനില്‍ക്കുകയും ചെയ്തു. ഫംഗല്‍ ഇന്‍ഫെക്ഷനുകള്‍ക്കുപയോഗിച്ചപ്പോള്‍ സാധാരണ സിറിഞ്ചുകളെക്കാള്‍ കൂടുതല്‍ വേഗത്തില്‍ തൊലിയുടെ ഉള്‍ ഭാഗത്തേക്ക് മരുന്നെത്തിക്കാന്‍ കഴിഞ്ഞു. പ്രമേഹമുള്ള എലികളില്‍ ഷോക്ക് സിറിഞ്ച് ഉപയോഗിച്ചപ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ നില കൂടുതല്‍ സമയം സംതുലിതമായി നില്‍ക്കുന്നുവെന്നും കണ്ടെത്തി.