സിനിമയും രാഷ്ട്രീയവും ഒരുപോലെയൊഴുകിയ തമിഴാനാടിന്റെ മായാത്ത പേരാണ് ജയലളിത. തമിഴ് രാഷ്ട്രീയം കണ്ട എക്കാലത്തെയും കരുത്തുറ്റ വനിത. സിനിമയിലും രാഷ്ട്രീയത്തിലും തിളങ്ങിയ ഒറ്റനക്ഷത്രം. ജയലളിതയുടെ ഓര്‍മകള്‍ക്ക് ഇന്ന് ഏഴാണ്ട്.
തമിഴക രാഷ്ട്രീയത്തിന്റെ എല്ലാ ചേരുവകളുമൊത്തൊരു പേര്, ജെ.ജയലളിത. സിനിമയും രാഷ്ട്രീയവും ഒരേ ദിശയില്‍ സഞ്ചരിച്ച തമിഴ്‌നാടിന്റെ, മുഖ്യമന്ത്രി പദം അലങ്കരിച്ച വനിത. കോമളവല്ലി, അമ്മു എന്ന വിളിപ്പേരുകാരിയില്‍ നിന്നും നിന്നും തമിഴ്‌നാടിന്റെ അമ്മയായ പകരം വയ്ക്കാനാരാലും സാധിക്കാത്ത ജയലളിത. തമിഴകവും കടന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ശക്തരായ പെണ്‍പേരുകളില്‍ മുന്‍പന്തിയില്‍ തന്നെയാണ് ജയലളിതയ്ക്കുമിടം. മിടുക്കിയായ വിദ്യാര്‍ഥിയായിരുന്നു ജയലളിത, അമ്മ വേദവതിയുടെ നിര്‍ബന്ധത്തിന് വഴങ്ങി നിയമം പഠിക്കാതെ ഗതി മാറിയൊഴുകി ജയലളിത. പതിനഞ്ചാം വയസില്‍ താന്‍ ആദ്യമഭിനയിച്ച സിനിമ നൂറ് ദിവസം തകര്‍ത്തോടിയിട്ടും തന്റെ പ്രായം കാരണം കാണാനായില്ല. തമിഴ് സിനിമ ലോകത്തിലെതാരോദയമായിരുന്നു അത്. എല്ലാകാലവും താരാപഥത്തില്‍ കസേരയിട്ടിരുന്ന ജയലളിതയെന്ന പുരട്ചി തലൈവിയുടെ താരോദയം.
ആയിരത്തില്‍ ഒരുവന്‍ എന്ന ചിത്രത്തിലായിരുന്നു ജയലളിത എംജിആറിനൊപ്പം ആദ്യമഭിനയിച്ചത്. രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ രാഷ്ട്രീയഗുരു മാത്രമായിരുന്നോ ജയലളിതയ്ക്ക് എംജിആര്‍ എന്നത് മുഴുമിപ്പിക്കാത്ത ചോദ്യവും പൂര്‍ത്തിയാക്കാത്ത ഉത്തരവുമായിരിക്കാം. 1980ല്‍ ദ്രാവിഡരാഷ്ട്രീയത്തിലേക്ക് ജയലളിത എത്തി. എംജിആര്‍ തെളിച്ച വഴിയില്‍. 1991ല്‍ തമിഴ്‌നാടിന്റെ ആദ്യവനിത മുഖ്യമന്ത്രി, ദ്രൗപദി ശപഥം പോലെ മുഖ്യമന്ത്രിയായി മാത്രം നിയമസഭയിലേക്ക് തിരിച്ചെത്തുമെന്ന് പറഞ്ഞ പെണ്‍കരുത്ത്. വിവാദങ്ങളും വാഗ്വാദങ്ങളും നിറഞ്ഞ താരമായിരുന്നു അമ്മയെന്ന് ഇഷ്ടവാക്കാല്‍ തമിഴകം വിളിച്ച ജയലളിത. ഒരു ഡിസംബര്‍ അഞ്ചിന് തമിഴ്മക്കളെ തനിച്ചാക്കി ജയലളിത വിടവാങ്ങി. എല്ലാക്കാലവും അമ്മയെന്ന തണലില്‍ ദ്രാവിഡമണ്ണ് ചേര്‍ത്തുവച്ച കണ്ണീരുപ്പാണ് ജയലളിത. കന്നടമണ്ണില്‍ ജനിച്ച് തമിഴിനായി ജീവിച്ച ജയലളിതയ്ക്ക് ഓര്‍മപ്പൂക്കള്‍....