സിട്രസ് ഗണത്തില്‍ പെടുന്ന പഴമാണ് ഓറഞ്ച്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റ് ഓറഞ്ചില്‍ അടങ്ങിയിരിക്കുന്നു. ഇത് അണുബാധകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുമെന്ന് പഠനം.
നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഓറഞ്ച് സഹായിക്കും. ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിച്ച് വിളര്‍ച്ച തടയാനും ഓറഞ്ച് ഫലപ്രദമാണ്.
ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കൊളാജന്‍ എന്ന പ്രോട്ടീനിന്റെ ഉല്‍പാദനത്തെ സഹായിക്കുന്നു. ഇത് ചുളിവുകള്‍ കുറയ്ക്കാനും ആരോഗ്യകരവും തിളങ്ങുന്നതുമായ ചര്‍മ്മത്തിനും സഹായിക്കുന്നു. ഓറഞ്ചില്‍ ഫ്‌ലേവനോയ്ഡുകളും മറ്റ് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്.
ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും. ഓറഞ്ചില്‍ ധാരാളം പോഷകങ്ങളും വിറ്റാമിന്‍ സി, ഫ്‌ലേവനോയ്ഡുകള്‍, കരോട്ടിനോയിഡുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുകയും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും.
വിറ്റാമിന്‍ സിയുടെയും ബീറ്റാ കരോട്ടിന്‍ പോലുള്ള മറ്റ് ആന്റിഓക്സിഡന്റുകളുടെയും ഉറവിടമാണ് ഓറഞ്ച്. തിമിരം, പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്‍ തുടങ്ങിയ ഡീജനറേറ്റീവ് രോഗങ്ങളില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കാന്‍ ഈ പോഷകങ്ങള്‍ സഹായിക്കുന്നു.
ഓറഞ്ചില്‍ കാല്‍സ്യം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിര്‍ത്താന്‍ അത്യാവശ്യമാണ്. ഓറഞ്ചിലെ വിറ്റാമിന്‍ സി ഭക്ഷണത്തില്‍ നിന്ന് കാല്‍സ്യവും മറ്റ് ധാതുക്കളും ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നു.