തിരുവനന്തപുരം: പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി നാളെ മുതല്‍ എത്തണമെന്നാണ് നിര്‍ദ്ദേശം. കെഎസ്ആര്‍ടിസിയുടെ സ്ഥലങ്ങള്‍ നാളെ മുതല്‍ ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കാനും തീരുമാനമുണ്ട്. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കൂടി മുന്നില്‍ കണ്ട് പൊലീസ് സംരക്ഷണം ഉറപ്പാക്കാന്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം.
പരിഷ്‌കരിച്ച സര്‍ക്കുലര്‍ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് മാത്രം ഡ്രൈവിങ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നിന്ന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയാറാവുന്നത് വരെ എച്ച് ട്രാക്കില്‍ ടെസ്റ്റ് നടത്തി ലൈസന്‍സ് അനുവദിക്കണമെന്നുമാണ് നിര്‍ദേശം
അതേസമയം ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം ഉത്തരവ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് മോട്ടോര്‍ വാഹന ഡ്രൈവിങ് സ്‌കൂള്‍ അസോസിയേഷന്റെ സമരം അഞ്ചാം ദിവസവും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് സ്ഥിതി വിലയിരുത്താന്‍ ഇന്ന് യോഗം ചേര്‍ന്നത്. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം അശാസ്ത്രീയമെന്നാണ് മോട്ടോര്‍ വാഹന ഡ്രൈവിങ് സ്‌കൂള്‍ അസോസിയേഷന്‍ പറയുന്നത്. സിഐടിയു ഒഴികെയുള്ള മറ്റ് ട്രേഡ് യൂണിയന്‍ സംഘടനകളാണ് സമരം നടത്തുന്നത്.