സപ്തതിയുടെ നിറവില്‍ മലയാള സിനിമയുടെ സകലകലാവല്ലഭന്‍. ഹിറ്റും സൂപ്പര്‍ ഹിറ്റും ഒരുക്കി സിനിമാലോകത്തെ വിസ്മയിപ്പിച്ച ബാലചന്ദ്രമേനോന് ഇന്ന് എഴുപതാം ജന്മദിനം.നാല്‍പ്പത്തിയഞ്ച് വര്‍ഷം പിന്നിട്ട സിനിമാ ജീവിതത്തില്‍ അദ്ദേഹം കൈവയ്ക്കാത്ത മേഖലകള്‍ ഇല്ലെന്നതാണ് സത്യം.
ബാലചന്ദ്ര മേനോന്‍.ആ പേരിന് ഒരു ഗൃഹാതുരത്വമുണ്ട്. മലയാളികള്‍ക്ക് ആ പേരിനോട് അതിയായ വാത്സല്യമുണ്ടായിരുന്നു. ആവര്‍ത്തന വിരസത ആരോപിക്കാനാകാത്ത വിധം വ്യത്യസ്തങ്ങളായ പ്രമേയങ്ങളായിരുന്നു ബാലചന്ദ്രമേനോന്റെ ഓരോ സിനിമയും. ഒരു ബാലചന്ദ്ര മേനോന്‍ സിനിമ എങ്ങനെയായിരിക്കും എന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയുമായിരുന്നില്ല.
ഉത്രാടരാത്രി, ഇഷ്ടമാണ് പക്ഷേ, അണിയാത്ത വളകള്‍, പ്രേമഗീതങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ യുവതലമുറയെ തന്നിലേക്ക് ആകര്‍ഷിച്ചു.. ഏപ്രില്‍ 18, ഇത്തിരിനേരം ഒത്തിരി കാര്യം, ചിരിയോ ചിരി, കാര്യം നിസ്സാരം തുടങ്ങിയ ചിത്രങ്ങളിലൂടെ കുടുംബസദസ്സുകള്‍ക്ക് ഏറെ പ്രിയങ്കരനായി.
ലോകസിനിമാരംഗത്ത് ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയത്തോടൊപ്പം കഥ, തിരക്കഥ, സംഭാഷണം,സംവിധാനം എന്നിവ നിര്‍വഹിച്ചവ്യക്തി എന്ന ഖ്യാതി ബാലചന്ദ്രമേനോനു സ്വന്തം.മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങളും ബാലചന്ദ്രമേനോന്‍ സ്വന്തമാക്കി. 1954 ജനുവരി 11ന് ആലപ്പുഴയിലാണ് ബലചന്ദ്രമേനോന്‍ ജനിച്ചത്.
ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്തത് 1978 ല്‍ പുറത്തിറങ്ങിയ ഉത്രാടരാത്രി എന്ന ചിത്രത്തിനായിരുന്നു.സംവിധായകനായി കരിയര്‍ തുടങ്ങിയ ബാലചന്ദ്രമേനോന്‍ 38 സിനിമകള്‍ സംവിധാനം ചെയ്തപ്പോള്‍ നൂറോളം സിനിമകളില്‍ അഭിനയിച്ചു. കാലഘട്ടത്തിന്റെ സ്പിരിറ്റ് ഉള്‍ക്കൊള്ളുകയും അതിനൊപ്പം മുന്നോട്ടുപോകുകയും ചെയ്യുന്ന ബാലചന്ദ്രമേനോന് ഇനിയും ഒരുപാടുകാലം മുന്നോട്ടുപോകാന്‍ സാധിക്കട്ടെ.