ഇന്ന് ലോക എയ്ഡ്‌സ് ദിനം. എയ്ഡ്‌സിനെപ്പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായാണ് എയ്ഡ്‌സ് ദിനം ആചരിക്കുന്നത്. 'അവകാശങ്ങളുടെ പാത സ്വീകരിക്കുക, എന്റെ ആരോഗ്യം, എന്റെ അവകാശം' എന്നതാണ് ഇക്കൊല്ലത്തെ എയ്ഡ്‌സ് ദിനസന്ദേശം.
എയ്ഡ്സ് അഥവാ എച്ച്.ഐ.വി രോഗാവസ്ഥയെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിലൂടെ എയ്ഡ്സ് രോഗബാധിതരോട് ജനങ്ങള്‍ സ്വീകരിച്ച് വരുന്ന അവജ്ഞമനോഭാവം മാറ്റിയെടുക്കുന്നതും ദിനാചരണം ലക്ഷ്യം വെക്കുന്നത്. 2030ഓടെ എയ്ഡ്സിനെ തുടച്ചുനീക്കാന്‍ സാമൂഹിക പ്രതിബദ്ധതയോടെ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ലോകാരോഗ്യസംഘടന പറയുന്നു.
മനുഷ്യന്റെ പ്രതിരോധശേഷിയെ ബാധിക്കുന്ന രോഗം ക്രമേണ ശരീരത്തിന്റെ പ്രതിരോധശേഷി ഇല്ലാതാക്കുകയും മറ്റ് രോഗങ്ങള്‍ എളുപ്പത്തില്‍ ബാധിക്കുന്ന നിലയിലേക്ക് ശരീരത്തെ എത്തിക്കുകയും ചെയ്യുന്നു. എയ്ഡ്ബാധിതരായ നിരവധി മനുഷ്യര്‍ ഇന്നും അസുഖബാധയെപ്പറ്റി പുറത്ത് പറയാതെ ജീവിക്കുന്നുണ്ട്.
ആത്മാഭിമാനത്തിന് ക്ഷതമേല്‍ക്കുമെന്നുള്ളത് കൊണ്ടൊ സമൂഹത്തിന്റെ അവഗണനയോ ഭയന്നാണ് പലരും അസുഖം മൂടിവെയ്ക്കുന്നത്. ആഗോളതലത്തില്‍ 4 കോടിയ്ക്കടുത്ത് ആളുകള്‍ എച്ച്.ഐ.വിബാധിതരാണെന്നും 2023ല്‍ മാത്രം 13 ലക്ഷത്തിലേറെ പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
14 വയസ് വരെയുള്ള കുട്ടികളുടെ കണക്കെടുത്താള്‍ 80000 പേരാണ് എയ്ഡ്സ് ബാധിതരായി ലോകത്ത് ജീവിക്കുന്നത്. ഇതില്‍ ഭൂരിഭാഗം പേരും ജന്മനാ രോഗബാധിതരാണ്. യുവാക്കള്‍ക്കിടയില്‍ അണുബാധ കുറഞ്ഞുവരുന്നുണ്ടെങ്കിലും ചില രാജ്യങ്ങളില്‍ 15 മുതല്‍ 24 വയസ് പ്രായമുള്ള യുവാക്കള്‍ക്കിടയില്‍ രോഗം വര്‍ധിക്കുന്ന സാഹചര്യവും നിലവിലുണ്ട്. എയ്ഡ്‌സ് എന്ന വില്ലനെ പിടിച്ചുകെട്ടാന്‍ ലോകത്തിനൊപ്പം നമ്മുക്കും കൈകോര്‍ക്കാം..