19 വര്‍ഷം മുന്‍പ് കുളച്ചലില്‍ 178 പേരുടെ മൃതദേഹം ഒരുമിച്ച് ഒരുകുഴിയില്‍ അടക്കം ചെയ്യുന്ന സങ്കടക്കാഴ്ച ടെലിവിഷന്‍ സ്‌ക്രീനുകളില്‍ നിറഞ്ഞിരുന്നു. ആയിരക്കണക്കിനാളുകളുടെ നിലവിളിക്കിടയിലായിരുന്നു ആ 178 പേര്‍ നിത്യതയിലേക്ക് മടങ്ങിയത്. തിരുപ്പിറവി ആഘോഷം കഴിഞ്ഞുറങ്ങിയ തീരത്തേക്ക് ആഞ്ഞടിച്ച രാക്ഷസത്തിരമാലകളെ മറക്കാതിരിക്കാനുള്ള ദൃശ്യമായിരുന്നു അത്. സുനാമി ദുരന്തത്തിന് ഇന്നേക്ക് 19 വര്‍ഷം.
വര്‍ഷം 2004 ക്രിസ്മസ് ആഘോഷത്തിലായിരുന്നു ലോകം. ഇന്തോനേഷ്യയിലെ സുമാത്രയുടെ പടിഞ്ഞാറന്‍ തീരത്തുണ്ടായ ഭൂകമ്പം സുനാമിയായി ആഞ്ഞടിച്ചത് ക്രിസ്മസ് ആലസ്യത്തില്‍ ലോകം ഉറങ്ങുമ്പോഴാണ്. ഭൂമുഖം കണ്ട ഏറ്റവും വലിയ ദുരന്തത്തിലേക്കാണ് ലോകം ഉറക്കം ഉണര്‍ന്നത്. പതിനായിരം ആറ്റംബോംബിന്റെ പ്രഹരശേഷിയുള്ള ഭൂകമ്പമായിരുന്നു 19 വര്‍ഷം മുന്‍പൊരു ക്രിസ്മസ് രാത്രിയില്‍ ആഞ്ഞടിച്ചത്. അന്നുവരെയുണ്ടായതിനെ എല്ലാം കടപുഴക്കി ലക്ഷക്കണക്കിനാളുകളുടെ ജീവനും ജീവിതവും ഇല്ലാതാക്കി രാക്ഷസത്തിര. അന്നേവരെ കേട്ടിട്ടില്ലാത്ത പാഠപുസ്തകങ്ങളില്‍ മാത്രം പഠിച്ച സുനാമിയെന്ന ഭീകരത തീരത്തേക്ക് ആഞ്ഞടിച്ചിട്ട് 19 വര്‍ഷം പിന്നിട്ടു. മൂന്ന് ലക്ഷത്തോളം പേരെയാണ് സുനാമിത്തിരകള്‍ ലോകത്ത് നിന്ന് തുടച്ചുനീക്കിയത്. അതിലേറെപ്പേര്‍ അനാഥരായി. ജീവിതത്തിന്റെ സര്‍വവും കടലില്‍ സമര്‍പ്പിച്ച് കഴിയുന്ന കടലിന്റെ മക്കളുടെ അതിദാരുണമായ കാഴ്ചയായിരുന്നു ലോകത്ത് .
മണിക്കൂറില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ എത്തിയ കൂറ്റന്‍ തിരമാലയില്‍ ഇന്തോനേഷ്യയില്‍ ഒന്നരലക്ഷത്തിലധികം പേരും ശ്രീലങ്കയില്‍ 35000 പേരും ഇന്ത്യയില്‍ 18000 പേരും മരിച്ചു. രാവിലെ ഒമ്പതിനും പത്തിനുമിടയിലായിരുന്നു ഇന്ത്യന്‍ തീരത്ത് സുനാമി എത്തിയത്. കന്യാകുമാരി, ചെന്നൈ,ആന്ധ്ര,പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍,കേരള തീരം എന്നിവിടങ്ങളിലായി സുനാമി നൂറ്റാണ്ടിന്റെ ഏറ്റവും വലിയ ദുരന്തമായി. തമിഴ്‌നാട്ടില്‍ എട്ടായിരത്തിലേറെപേരാണ് മരിച്ചത്. കേരളത്തില്‍ 177ഉം. രേഖകളില്ലാത്ത മരണം ഇതിലും കൂടുമെന്നാണ് കണക്കുകള്. സുനാമി ദുരന്തമകറ്റാന്‍ ലോകം 14 ബില്യണ്‍ ഡോളറാണ് ചെലവഴിച്ചത്. എന്നിട്ടും ഇനിയും ദുരന്തമകലാതെ ദുരിതമൊഴിയാതെ ഉറ്റവരുടെ കണ്ണീരോര്‍മയില്‍ കഴിയുന്നുണ്ട് കേരളമടക്കമുള്ള തീരത്തെ മത്സ്യബന്ധനത്തൊഴിലാളികള്‍. അതിജീവനമല്ലാതെ മറ്റൊന്നും ബാക്കിയില്ലാത്ത മനുഷ്യര്‍.