1964 ഡിസംബര്‍ വീശിയ കൊടുങ്കാറ്റില്‍ ഇല്ലാതായത് ധനുഷ്‌കോടിയെന്ന പട്ടണവും പാമ്പന്‍ പാലമെന്ന ഇന്ത്യയുടെ ആദ്യ റെയില്‍വേ പാലവുമായിരുന്നു. ഇന്ത്യന്‍ റെയില്‍വെ ദുരന്തങ്ങളില്‍ ആദ്യമോര്‍ക്കുന്ന ദുരന്തമായ പാമ്പന്‍ പാലം തകര്‍ന്ന ദിനം.ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയില്‍ പ്രകൃതിയും ചരിത്രവും സംഗമിക്കുന്ന പാമ്പന്‍ ദ്വീപ്. ഇന്ത്യയുടെ തെക്കെ അറ്റത്തെ മുനമ്പ്. എക്കാലവും ഇന്ത്യയുടെ ദുരന്തഭൂമികകളിലൊന്നായി കൂടി കാലം അടയാളപ്പെടുത്തിയ പാമ്പന്‍ ദ്വീപ്. ചരിത്രം അടയാളപ്പെടുത്തിയ നിര്‍മിതികളിലൊന്നായിരുന്നു 1914ല്‍ പൂര്‍ത്തിയാക്കിയ പാമ്പന്‍ പാലം. റെയില്‍വെ പാലങ്ങളുടെ രാജ്ഞിയെന്നായിരുന്നു രാമേശ്വരത്തെയും പാമ്പന്‍ ദ്വീപിനെയും ബന്ധിപ്പിച്ച പാമ്പന്‍ പാലത്തിന്റെ വിശേഷണം.
കൊളോണിയലിസത്തിന്റെ എഞ്ചിനീയറിങ് ബ്രില്ല്യന്‍സായിരുന്നു അത്്. ഒപ്പം എല്ലാക്കാലവും ഇന്ത്യയുടെ കണ്ണീരുപ്പുവീണ ഇടവും കൂടിയാണ് പാമ്പന്‍ പാലം. 1964 ഡിസംബര്‍ 22ന് ശ്രീലങ്കയിലെ വാവുനിയ കടന്നെത്തിയ ചുഴലിക്കാറ്റ് അട്ടിമറിച്ചത് പാമ്പന്‍പാലത്തെയും അതുവഴി കടന്നുപോയ പാസഞ്ചര്‍ ട്രെയിനിലെ 115പേരെയും, ഒപ്പം ധനുഷ്‌കോടിയെന്ന സേതുബന്ധനം തീര്‍ത്ത പട്ടണത്തെയുമാണ്. ഇന്ത്യയുടെ ആദ്യ കടല്‍പ്പാലമായിരുന്നു പാമ്പന്‍ പാലം. പുതിയ പാലം ചരിത്രത്തിന് മേലെ പണിതുയര്‍ന്നെങ്കിലും ഇന്നും വേദനയുടെ ബാക്കിയായി 2.06 കിലോമീറ്ററുള്ള പഴയ പാലം ബാക്കിയാകുന്നു. അന്ന് വീശിയടിച്ച ആ കാറ്റ് കവര്‍ന്നത് ധനുഷ്‌കോടിയെകൂടിയാണ്.
ഡിസംബര്‍ 22ന് വീശീയ കാറ്റ് ഇല്ലാതാക്കിയത് ആ പട്ടണത്തെയാണ്. 1800 പേരുടെ ജീവനാണ് കാറ്റ് കവര്‍ന്നത്. 2005ലെ സുനാമി പോലും കവര്‍ന്നെടുക്കാതെ ധനുഷ്‌കോടിയെ ബാക്കിവച്ചിരുന്നു. ആളൊഴിഞ്ഞ പ്രേതനഗരത്തിനെ എന്നപോലെ. . അന്ന് ആ തകര്‍ന്ന റെയില്‍ പാലത്തിന്റെയും സ്റ്റേഷന്റെയും അവശേഷിപ്പുകള്‍ മൂകസാക്ഷിയായി ഇന്നും ധനുഷ്‌കോടിയിലുണ്ട്. ഒറ്റമഴയില്‍ ആഞ്ഞടിച്ച തിരമാലയില്‍ പ്രേതനഗരമായ ഒരിടമായി. ഇവിടെയൊരു നഗരമുണ്ടായിരുന്നു എന്ന ഓര്‍മ്മപ്പെടുത്തലില്‍ സ്മാരകശിലകള്‍ അവശേഷിപ്പിച്ച്..