ഇന്ന് അന്താരാഷ്ട്ര മാനവ ഐക്യദാര്‍ഢ്യ ദിനം. നാനാത്വത്തില്‍ ഏകത്വത്തെ ആദരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ആചരണ ദിനമാണ് അന്താരാഷ്ട്ര മാനവ ഐക്യദാര്‍ഢ്യ ദിനം.ദാരിദ്ര്യ നിര്‍മാര്‍ജനം ഉള്‍പ്പെടെയുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ഐക്യദാര്‍ഢ്യം പ്രോത്സാഹിപ്പിക്കാനാണ് ഈ ദിനാചരണം ലക്ഷ്യമിടുന്നത്. മാനവ ഐക്യദാര്‍ഢ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓരോ പൗരനും ബോധവാന്മാരായിരിക്കണം എന്ന അടിസ്ഥാന തത്വത്തിലാണ് ദിനാചരണത്തിന് രൂപം നല്‍കിയിരിക്കുന്നത്. ഇതിലൂടെ ലോകമെമ്പാടുമുള്ള ആളുകളുടെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക ഐക്യദാര്‍ഢ്യം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നു.
ലോകമെമ്പാടുമുള്ള ദാരിദ്ര്യം ലഘൂകരിക്കുന്നതിനായി യുഎന്‍ ജനറല്‍ അസംബ്ലി 2002 ഡിസംബര്‍ 20 ന് ലോക ഐക്യദാര്‍ഢ്യ ഫണ്ട് അവതരിപ്പിച്ചു.2003 ഫെബ്രുവരിയില്‍ ഇത് യുഎന്‍ വികസന പരിപാടിയുടെ ട്രസ്റ്റ് ഫണ്ടിന്റെ ഭാഗമായി. 2005 ഡിസംബര്‍ 22-ന് യുഎന്‍ ജനറല്‍ അസംബ്ലി മനുഷ്യ ബന്ധത്തിന്റെ ഏറ്റവും നിര്‍ണായകമായ തൂണുകളിലൊന്നായി 'ഐക്യദാര്‍ഢ്യം' പ്രഖ്യാപിച്ചു. പിന്നീട് ഐക്യരാഷ്ട്ര സഭ ലോകമെമ്പാടും അന്താരാഷ്ട്ര മാനവ ഐക്യദാര്‍ഢ്യ ദിനം ആഘോഷിക്കുന്നതിനുള്ള ദിനമായി ഡിസംബര്‍ 20 തെരഞ്ഞെടുത്തു. ലോകത്തിലെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളിലുടനീളം സമത്വവും സാമൂഹിക നീതിയും ഉറപ്പാക്കുന്നതില്‍ ഐക്യദാര്‍ഢ്യത്തിന്റെ പ്രാധാന്യം ഈ ദിനം ഓര്‍മ്മപ്പെടുത്തുന്നു.