കാപ്പിരിനാടിനെയും സിംഹഭൂമിയെയും മലയാളി അറിഞ്ഞത് എസ്‌കെ പൊറ്റക്കാടിലൂടെയാണ് എന്ന് പറഞ്ഞാല്‍ അതിശയോക്തി ആകില്ല. കഥാ ലോകത്തെ ലോകത്തിന്റെ വിശാല ഭൂമികയിലേക്ക് പറിച്ചു നട്ട കഥാകാരന്റെ 113ആം ജന്മദിനമാണിന്ന്.
യാത്രകള്‍ ജീവിതമാക്കിയ കഥമനുഷ്യന്‍...മലയാളി ഭൂപടത്തില്‍ മാത്രം കണ്ട ഭൂമികകളെ വാങ്മയ ചിത്രമാക്കിയ കഥാകാരന്‍. സഞ്ചാരസാഹിത്യത്തിന്റെ വിശാലതയിലേക്ക് മലയാള സാഹിത്യത്തിനും സിംഹാസനമിട്ട് നല്‍കിയ എസ് കെ പൊറ്റക്കാടെന്ന ശങ്കരന്‍ കുട്ടി കുഞ്ഞിരാമന്‍ പൊറ്റക്കാട്.
കോഴിക്കോട് ജനിച്ച എസ്‌കെ പൊറ്റക്കാട് തന്റെ യാത്രകളിലൂടെ ദേശാന്തരഗമനത്തിന്റെ വിശാല വാതായനം തുറന്നിട്ട മനുഷ്യനാണ്. യാത്രകള്‍ ഇന്ന് കാണും വിധം പ്രശസ്തമല്ലാത്ത കാലത്ത് തന്റെ പരിമിതമായ ചുറ്റുപാടുകളില്‍ ലോകയാത്ര നടത്തി ആ യാത്രകളെ ഭാഷയുടെ എല്ലാ വിശാലതയിലും നിന്ന് സഞ്ചാരസാഹിത്യത്തിന്റെ എല്ലാകാലത്തെയും മികച്ച സൃഷ്ടി സമ്മാനിച്ച എഴുത്തുകാരന്‍.
1913 ല്‍ കോഴിക്കോട് ജനിച്ച എസ്‌കെ പൊറ്റക്കാടിന്റെ 113ാം ജന്മദിനമാണിന്ന്. നാടന്‍ പ്രേമത്തില്‍ തുടങ്ങി ഒരു ദേശത്തിന്റെ കഥയില്‍ ജ്ഞാനപീഠം സ്വന്തമാക്കിയ അതുല്യനായ എഴുത്തുകാരന്‍. യാത്രകളുടെ വിവരണത്തെയെല്ലാം കഥയുടെ കുപ്പായമണിയിച്ചായിരുന്നു പൊറ്റക്കാട്ടിന്റെ എഴുത്തുകള്‍.
തെരുവിലും ദേശത്തിലും ഭാഷാന്തരമില്ലാതെ കാലാന്തരമില്ലാതെ സഞ്ചരിച്ച എഴുത്തുകളായിരുന്നു കോഴിക്കോടിന്റെ സ്വന്തമായ എസ്‌കെ പൊറ്റക്കാടിന്റേത്. കടത്ത് തോണി നിറയെ ഓര്‍മകളുള്ള മമ്മുവിന്റെ ജീവിതം പറഞ്ഞ കടവ്, കുടിയേറ്റ ജീവിതത്തിന്റെ കണ്ണാടിയായ വിഷകന്യക.
അതിരാണിപ്പാടത്തിന്റെ കഥ പറഞ്ഞ ഒരുദേശത്തിന്റെ കഥ അങ്ങനെ എണ്ണപ്പെട്ട കഥപറഞ്ഞ കഥാകാരന്‍. തെരഞ്ഞെടുപ്പിലൂടെ ലോക്‌സഭയിലെത്തിയ സാഹിത്യകാരന്‍. 1962ല്‍ സുകുമാര്‍ അഴിക്കോടിനെ പരാജയപ്പെടുത്തി തലശേരിയില്‍ നിന്നും ലോക്‌സഭയിലെത്തി പൊറ്റക്കാട്. വഴിയമ്പലങ്ങളില്ലാതെ വിശ്വസഞ്ചാരം നടത്തിയ, ലോകത്തെ മലയാളഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയ കഥാകാരാന്‍ ഓര്‍മ്മപ്പൂക്കള്‍...