വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന മഹേഷ് കുഞ്ഞുമോന്റെ ശസ്ത്രക്രിയ പൂർത്തിയായി. നടൻ ബിനീഷ് ബാസ്റ്റിനാണ് വിവരം അറിയിച്ചത്. ഓപ്പറേഷൻ പൂർത്തിയായെന്നും കുഴപ്പമൊന്നുമില്ലെന്നും ബിനീഷ് ബാസ്റ്റിൻ ഫെയ്സ്ബുക്കിൽ കുറിച്ചു. അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മഹേഷിന്റെ മുഖത്തും പല്ലുകൾക്കുമായിരുന്നു പരുക്ക്. ഒൻപതു മണിക്കൂർ നീളുന്ന ശസ്ത്രക്രിയയാണ് നടത്തുന്നതെന്നും എല്ലാവരുടെയും പ്രാർഥന ഉണ്ടാകണമെന്നും മഹേഷിന്റെ സുഹൃത്തുക്കൾ അഭ്യർത്ഥിച്ചിരുന്നു.
തിങ്കളാഴ്‌ച പുലർച്ചെ 4.30 ഓടെയായിരുന്നു കൊല്ലം സുധിയും സംഘവും സഞ്ചരിച്ച കാർ അപകടത്തിൽ പെടുന്നത്. തൃശൂർ കയ്പമംഗലത്തുവച്ച് ഇവർ സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഉല്ലാസ് അരൂർ ആണ് വാഹനം ഓടിച്ചിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നു.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സുധിയെ അടുത്തുള്ള കൊടുങ്ങല്ലൂർ എആർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പക്ഷേ, ജീവൻ രക്ഷിക്കാനായില്ല. ബിനു അടിമാലിയും ഉല്ലാസ് അരൂരും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. മഹേഷ് കുഞ്ഞുമോനെ വിദഗ്ധ ചികിത്സയ്ക്കായി അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബിനു അടിമാലി അപകടനില തരണം ചെയ്തു. എല്ലിന് പൊട്ടലേറ്റ ഉല്ലാസും ചികിത്സയിൽ തുടരുകയാണ്.