ഡല്‍ഹിയിലെ തീന്‍മൂര്‍ത്തി ഭവനിലുള്ള നെഹ്‌റു മ്യൂസിയം ഇനി പ്രൈംമിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്റ് ലൈബ്രറി സൊസൈറ്റിയെന്ന് അറിയപ്പെടും. നെഹ്‌റു സ്മാരക മ്യൂസിയത്തിന്റെ പേരുവെട്ടി കേന്ദ്രസര്‍ക്കാര്‍. നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസും മറ്റും രംഗത്തെത്തിയിട്ടുണ്ട്. നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റിയുടെ വ്യാഴാഴ്ച ചേര്‍ന്ന യോഗത്തിലാണ് മ്യൂസിയത്തില്‍ നിന്ന് നെഹ്‌റുവിന്റെ പേര് ഒഴിവാക്കാനുള്ള തീരുമാനമെടുത്തത്.
മ്യൂസിയം നവീകരിച്ച് ഉദ്ഘാടനം ചെയ്ത് ഒരു വര്‍ഷത്തിലേറെയായതിന് ശേഷമാണ് പേര് മാറ്റല്‍ തീരുമാനം. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഔദ്യോഗിക വസതിയായിരുന്നു തീന്‍മൂര്‍ത്തി ഭവന്‍. 16 വര്‍ഷത്തോളമാണ് നെഹ്റു ഇവിടെ താമസിച്ചത്. തീന്‍മൂര്‍ത്തി ഭവനും നെഹ്റുവും തമ്മില്‍ അറുത്തുമാറ്റാനാകാത്ത ബന്ധമുണ്ട്. അതിനാലാണ്, മരണശേഷം നെഹ്റുവിനുള്ള ആദരമായി കേന്ദ്രം അദ്ദേഹത്തിന്റെ പേരിലുള്ള മ്യൂസിയമാക്കി മാറ്റിയത്. 1966ലാണ് മ്യൂസിയത്തിന്റെ സാംസ്‌കാരിക മന്ത്രാലയമാണ് നെഹ്റു സ്മാരക മ്യൂസിയത്തിന്റെ പേരുമാറ്റിയിരിക്കുന്നത്.
ജവഹര്‍ലാല്‍ നെഹ്റു മുതല്‍ നരേന്ദ്ര മോദി വരെയുള്ള എല്ലാ പ്രധാനമന്ത്രിമാരുടെയും സംഭാവനകളാണ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് മ്യൂസിയത്തിന്റെ ചെയര്‍മാന്‍ കൂടിയായ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. കുടയുടെ എല്ലാ നിറവും ആനുപാതികമായി പ്രതിനിധീകരിച്ചാലേ അതു സുന്ദരമാകൂ. പേരുമാറ്റ നടപടി ജനാധിപത്യപരവും എല്ലാ പ്രധാനമന്ത്രിമാര്‍ക്കുമുള്ള ആദരവുമാണെന്നും രാജ്നാഥ് സിങ് പറയുകയുണ്ടായി.
അതേസമയം, നിരവധിപേര്‍ വിമര്‍ശനവുമായി ഈ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പിയുടെയും ആര്‍.എസ്.എസ്സിന്റെയും ഏകാധിപത്യമനോഭാവത്തിന്റെ ഭാഗമാണിതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. ചരിത്രമില്ലാത്തവര്‍ മറ്റുള്ളവരുടെ ചരിത്രം മായ്ക്കാന്‍ ശ്രമിക്കുകയാണ്. ആധുനിക ഇന്ത്യയുടെ ശില്‍പിയായ നെഹ്റുവിനെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും ഖാര്‍ഗെ വ്യക്തമാക്കി.
പകയുടെയും അല്‍പത്തരത്തിന്റെയും പേരാണ് മോദിയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു. ആഗോളബൗദ്ധിക കേന്ദ്രവും ചരിത്രരേഖകളുടെയും ഗ്രന്ഥങ്ങളുടെയും നിധിശേഖരവുമായിരുന്നു കഴിഞ്ഞ 59 വര്‍ഷത്തോളമായി നെഹ്റു സ്മാരക മ്യൂസിയം. അതിനി പ്രധാനമന്ത്രി മ്യൂസിയം ആന്‍ഡ് സൊസൈറ്റി എന്ന പേരിലാണ് അറിയപ്പെടുക.
ഇന്ത്യ എന്ന ദേശരാഷ്ട്രത്തിന്റെ ശില്‍പിയുടെ പേരും പെരുമയും നശിപ്പിക്കാനും വളച്ചൊടിക്കാനും മോദി ചെയ്യാത്തതെന്താണ്! അരക്ഷിതാവസ്ഥയുടെ അമിതഭാരം പേറുന്ന ഒരു കൊച്ചുമനുഷ്യന്‍ സ്വയംപ്രഖ്യാപിത വിശ്വഗുരുവാണത്രെ എന്നും ജയറാം രമേശ് വിമര്‍ശിച്ചു. 2016 ലാണു തീന്‍ മൂര്‍ത്തിയില്‍ എല്ലാ പ്രധാനമന്ത്രിമാര്‍ക്കും വേണ്ടി മ്യൂസിയം തയാറാക്കാന്‍ മോദി നിര്‍ദേശം നല്‍കിയത്. പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പിനെ മറികടന്നു കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 21നു പ്രധാനമന്ത്രി സംഗ്രഹാലയ ഉദ്ഘാടനവും ചെയ്തു.