Share this Article
തെരുവുനായയ്ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ മാന്തി; യുവതി പേവിഷ ബാധയേറ്റ് മരിച്ചു.
വെബ് ടീം
posted on 17-06-2023
1 min read
women dies after injured by stray dogs

തിരുവനന്തപുരം: തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖം കൊണ്ട് മുറിവേറ്റ വീട്ടമ്മ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി സ്റ്റെഫിന്‍ വി പെരേര (49) ആണ് മരിച്ചത്. പേവിഷബാധയേറ്റെന്നാണ് സംശയം. പരിശോധനകള്‍ക്കായി സാമ്പിളുകള്‍ നല്‍കിയിട്ടുണ്ട്. സഹോദരന്റെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൂടെയുണ്ടായിരുന്ന സ്റ്റെഫിനെ പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു മരണം. 

അവിവാഹിതയായ സ്റ്റെഫിന്‍ ബെംഗളൂരുവില്‍ മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷനിസ്റ്റാണ്. അഞ്ചുതെങ്ങിലെ കുടുംബവീട്ടില്‍ ഒറ്റയ്ക്കു കഴിയുകയായിരുന്ന സഹോദരന്‍ ചാള്‍സിന്റെ ചികിത്സാകാര്യങ്ങള്‍ക്കു സഹായിക്കാനായാണ് സ്റ്റെഫിന്‍ നാട്ടിലെത്തിയത്. വീട്ടില്‍ തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ ഒരെണ്ണം സ്റ്റെഫിന്റെ കൈയ്യില്‍ മാന്തിയിരുന്നു. മുറിവ് ഇല്ലാത്തതിനാല്‍ സ്റ്റെഫിന്‍ വാക്സിനും എടുത്തില്ല.തുടര്‍ന്ന് സഹോദരന്റെ ചികിത്സക്കായി ഏഴാം തീയതി ആശുപത്രിയില്‍ എത്തുകയായിരുന്നു. ഒന്‍പതാം തീയതി ആശുപത്രിയില്‍ പേവിഷബാധയേറ്റതു പോലുള്ള ചില അസ്വസ്ഥതകള്‍ സ്റ്റെഫിന് ഉണ്ടായതായി ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്നു ഡോക്ടര്‍മാര്‍ വിശദമായി വിവരങ്ങള്‍ തിരക്കിയപ്പോഴാണ് അഞ്ചുതെങ്ങിലെ വീട്ടില്‍ തെരുവുനായ്ക്കള്‍ക്കു ഭക്ഷണം കൊടുക്കുന്നതിനിടെ നായ്ക്കൂട്ടത്തിലൊരെണ്ണം കയ്യില്‍ മാന്തിയ വിവരം സ്റ്റെഫിന്‍ പറയുന്നത്. 

ഞായറാഴ്ച രാവിലെ അക്രമാസക്തയായതോടെ ഇവരെ സ്ത്രീകളുടെ ജനറല്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഐ.സി.യു.വിലേക്ക് മാറ്റിയെങ്കിലും വൈകീട്ട് ആറിന് മരിച്ചു.മൃതദേഹം സംസ്‌കരിച്ചു. സംഭവം വിവാദമായതോടെ വിഷയത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പരിശോധനകള്‍ക്കായി സാമ്പിളുകള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ റിസള്‍ട്ട് കിട്ടിയാലേ പേ വിഷബാധയാണോ എന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂ. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories