സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കും. മന്ത്രി വി ശിവന്‍കുട്ടി 9.30 ന് മണക്കാട് ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എത്തി പുതിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യും. 2,63,688 കുട്ടികള്‍ മെറിറ്റ് സീറ്റിലും 3,574 കുട്ടികള്‍ സ്‌പോര്‍ട്‌സ് ക്വാട്ടയിലും കമ്മ്യൂണിറ്റി ക്വാട്ടയില്‍ 18,901 കുട്ടികളും മാനേജ്‌മെന്റ് ക്വാട്ടയില്‍ 18,735 പേരുമാണ് പ്ലസ് വണ്‍ പ്രവേശനം നേടിയത്.
വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിയില്‍ 22,145 പേര്‍ പ്രവേശനം നേടി. ജൂലൈ 8 മുതല്‍ 12 വരെയാണ് സപ്ലിമെന്ററി അലോട്ടുമെന്റ് ഒഴിവുകളിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി. അതേസമയം മഴക്കെടുതി മൂലം ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ച ജില്ലകളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു.