കോഴിക്കോട്: കൂടരഞ്ഞി മരഞ്ചാട്ടിയിൽ പുഴയിൽ സ്ലറി മാലിന്യം ഒഴുക്കിവിട്ട സംഭവത്തിൽ ക്രഷറിന്റെ ലൈസൻസ് റദ്ദാക്കി.മരഞ്ചാട്ടിയിലെ സൂപ്പർ സാന്റ് ക്രഷറിന് സ്റ്റോപ്പ് മെമ്മോ നൽകി.കൂടരഞ്ഞി പഞ്ചായത്ത് അധികൃതരാണ് നടപടി സ്വീകരിച്ചത്.മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ അടക്കം ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും പൊതുജനങ്ങൾക്ക് ദുരിതമാണന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.കേരളവിഷൻ ന്യൂസ് പുറത്തുവിട്ട വാർത്തയെ തുടർന്നാണ് നടപടി.
അതേ സമയം കൂടരഞ്ഞി മരഞ്ചാട്ടിയിൽ ക്രഷർ യൂണിറ്റിൽ നിന്നും പുഴയിലേക്ക് സ്ലറി വേസ്റ്റ് ഒഴുക്കിവിട്ട സംഭവത്തിൽ ക്രഷർ യൂനിറ്റിലേക്ക് സിപിഐഎം മാർച്ച് നടത്തി.ശുദ്ധജല സ്രോതസുകളടക്കം ഉപയോഗ ശൂന്യമായ സാഹചര്യത്തിലാണ് മാർച്ച് നടത്തിയത്. മരഞ്ചാട്ടി അങ്ങാടിയിൽ നിന്നാരംഭിച്ച മാർച്ച് ക്രഷർ യൂനിറ്റിന് മുന്നിൽ പോലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു.ഇത് അൽപ്പനേരം സംഘർഷത്തിനും കാരണമായി.
മാർച്ച് സിപിഐഎം ഏരിയ കമ്മറ്റി അംഗം ജോണി എടശ്ശേരി ഉദ്ഘാടനം ചെയ്തു. സി.എൻ വിശ്വൻ അധ്യക്ഷനായി. ബിനോയ് ടി ലൂക്കോസ്, സന്തോഷ് സെബാസ്റ്റ്യൻ, സിജി ബൈജു, പി.കെ സജിത്ത് തുടങ്ങിയവർ സംസാരിച്ചു.