കൊച്ചി : ഉമ്മൻചാണ്ടിയ്ക്കെതിരെ മോശം പരാമർശം നടത്തിയ കേസിൽ നടൻ വിനായകനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്തു. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ നിർണായക തെളിവായി പൊലീസ് പിടിച്ചെടുത്തു. കലൂരിലെ വിനായകന്റെ വീട്ടിലെത്തിയാണ് പൊലീസ് സംഘം ചോദ്യം ചെയ്തത്. എറണാകുളം ടൗൺ നോർത്ത് പൊലീസാണ് വിനായകനെതിരായ പരാതികൾ അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിൽ വിനായകൻ കുറ്റം സമ്മതിച്ചു. പ്രകോപനം കൊണ്ടാണ് അത്തരത്തിൽ ഫേസ്ബുക്കിൽ ലൈവ് നടത്തിയതെന്ന് വിനായകൻ പോലീസിനോട് പറഞ്ഞതായാണ് വിവരം.
തന്റെ ഫ്‌ളാറ്റിനു നേര്‍ക്ക് ആക്രമണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി വിനായകന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് ചോദ്യംചെയ്യലില്‍, ഇക്കാര്യത്തില്‍ തനിക്ക് പരാതിയില്ലെന്ന് വിനായകന്‍ പോലീസിനെ അറിയിച്ചു. ഉമ്മന്‍ചാണ്ടിയുടെ കുടുംബം തന്നോട് ക്ഷമിച്ചതുപോലെ തന്റെ വീട് ആക്രമിച്ചവരോട് താനും ക്ഷമിച്ചതായും വിനായകന്‍ പോലീസിനോട് പറഞ്ഞു.