തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ കലാ- കായിക വിനോദങ്ങള്‍ക്കായുള്ള പീരിയഡുകൾ മറ്റ് വിഷയങ്ങൾ പഠിപ്പിക്കാൻ ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ എല്ലാ എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും ഇത് ബാധകമാണ്. കലാ - കായിക വിനോദങ്ങള്‍ക്കുള്ള പീരിയഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്നതായി ബാലാവകാശ കമ്മിഷന് വിദ്യാര്‍ഥികളുടെ പരാതി ലഭിച്ചതിന് പിന്നാലെ പൊതു വിദ്യാഭ്യാസ വകുപ്പാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
വിദ്യാര്‍ഥികളുടെ പരാതിയെ തുടർന്ന് ബാലാവകാശ കമ്മിഷന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളില്‍ കലാ - കായിക വിനോദങ്ങള്‍ക്കുള്ള പീരിയഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത് കുട്ടികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിന് തുല്യമാണെന്നും കത്തിൽ പറയുന്നു. കഴിഞ്ഞ മെയിലാണ് ബാലാവകാശ കമ്മിഷന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നോട്ടീസ് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും വേണ്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറത്തുകയായിരുന്നു.