Share this Article
രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു അധികാരമേറ്റിട്ട് ഇന്ന് ഒരു വര്‍ഷം
One Year Of Droupadi Murmu As a President

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു അധികാരമേറ്റിട്ട് ഇന്ന് ഒരു വര്‍ഷം. ഒഡീഷയിലെ മയൂര്‍ബഞ്ചിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ ദ്രൗപദി മുര്‍മു രാഷ്ട്രപതിസ്ഥാനത്തെത്തിയപ്പോള്‍ കുറിക്കപ്പെട്ടത് പുതുചരിത്രമാണ്.

ഒഡീഷയിലെ സന്താള്‍ ഗോത്രവര്‍ഗ വിഭാഗത്തില്‍പെട്ടയാളാണ് ദ്രൗപദി മുര്‍മു. ഉപര്‍ഭേദയിലെ അവരുടെ ഗ്രാമത്തില്‍ ആദ്യമായി കോളേജ് വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടി. അവിടെ തുടങ്ങിയ വെല്ലുവിളികളില്‍ ഒന്നിലും പതറാതെ പോരാടിയാണ് ദ്രൗപദി മുര്‍മു റെയ്‌സിന കുന്നിലെ രാഷ്ട്രപതി ഭവനിലെത്തുന്നത്.

ഭുവനേശ്വറിലെ രമാദേവി സര്‍വ്വകലാശാലയില്‍ നിന്നും ആര്‍ട്‌സിലായിരുന്നു ബിരുദം. ആദ്യ ജോലി ജലസേചനവകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായി. പിന്നീട് സ്‌കൂള്‍ അധ്യാപികയായുംപ്രവര്‍ത്തിച്ചു. അധ്യാപകയായിരുന്ന കാലത്താണ് രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് കടക്കുന്നത്. അക്കാലത്ത് ഒഡീഷയില്‍ മികച്ച നേതാക്കളെ തേടിയിരുന്ന ബിജെപിക്ക് മുര്‍മു മുതല്‍ക്കൂട്ടായി. രണ്ട് തവണ എംഎല്‍എയായ മുര്‍മു നാലു തവണ മന്ത്രിയായും ജാര്‍ഖണ്ഡിന്റെ ഗവര്‍ണര്‍ ആയും പ്രവര്‍ത്തിച്ചു. ജാര്‍ഖണ്ഡ് ഗവര്‍ണറായിരിക്കെ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന രണ്ട് നിയമങ്ങള്‍ ആദിവാസികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്ന് കാണിച്ച് ദ്രൗപദി മുര്‍മു മടക്കി അയച്ചിരുന്നു. മന്ത്രിയായും ഗവര്‍ണറായുമുള്ള ഭരണമികവ് കൂടിയാണ് ദ്രൗപദി മുര്‍മുവിനെ രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തിച്ചത്. 

ആദിവാസിവിഭാഗത്തില്‍ നിന്നുള്ള ആദ്യ സര്‍വ്വസൈന്യാധിപ,സ്വതന്ത്രഇന്ത്യയില്‍ ജനിച്ച ആദ്യ രാഷ്ട്രപതി, ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്നീ വിശേഷണങ്ങളും ദ്രൗപദി മുര്‍മുവിന് മാത്രം സ്വന്തം.

ആദിവാസി സമൂഹത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ സ്വത്വരാഷ്ട്രീയ കാര്‍ഡ് ഇറക്കി ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപതിയാക്കിയ ബിജെപിക്ക് ദളിത്-ആദിവാസി വിഭാഗങ്ങളോടുള്ള സമീപനത്തില്‍ പഴയനിലപാട് തന്നെയാണെന്ന് തെളിയിക്കുന്ന ഒരു വര്‍ഷം കൂടിയാണ് കടന്നുപോയത്. ഏറ്റവും വലിയ മതനിരപേക്ഷ കക്ഷിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് കടമ നിര്‍വ്വഹിക്കുന്നതില്‍ പൂര്‍ണപരാജയമായി മാറി.

പ്രഥമപൗരയായി ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും അധസ്ഥിതരുടെ ഉന്നമനത്തിനായി ഒന്നും ചെയ്യാനാകാതെ മോദി സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തിയായി മാറിയിരിക്കുകയാണ് ദ്രൗപദി മുര്‍മു എന്നാണ് പ്രതിപക്ഷ ആക്ഷേപം.

 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories