കോഴിക്കോട്: ലൈംഗിക അതിക്രമക്കേസിലെ പ്രതിക്ക് 83 വർഷം കഠിന തടവും, 1.10 ലക്ഷം പിഴയും വിധിച്ചു. ബന്ധുവായ പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനു വിധേയയാക്കിയ കേസിലെ പ്രതിയ്ക്കാണ് വിവിധ വകുപ്പുകൾ പ്രകാരം 83 വർഷം കഠിന തടവും 1,10,000 രൂപ പിഴയും നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി വിധിച്ചത്. മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നതിന് വിലങ്ങാട് അടുപ്പിൽ കോളനിയിൽ സുരേഷിനെയാണ് ജഡ്ജി എം. ശുഹൈബ് ശിക്ഷിച്ചത്.
2018 – 19 വർഷങ്ങളിലായി പലതവണയാണ് രക്തബന്ധത്തിലുള്ള പെൺകുട്ടിയെ പ്രതി ഉപദ്രവിച്ചത്. ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതിയെങ്കിലും 20 വർഷം പ്രതിക്ക് ജയിൽവാസം ഉറപ്പുവരുത്തുന്നതാണ് ശിക്ഷ. കുട്ടി മൂന്നാം ക്ലാസിൽ പഠിക്കുന്ന ഘട്ടത്തിലാണ് നരിപ്പറ്റയിൽ വീട്ടിൽവച്ച് പീഡിപ്പിച്ചത്.പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകൾ പ്രകാരം 20 വർഷം വീതമാണ് കഠിന തടവ്. ഈ വകുപ്പിലെ പിഴ സംഖ്യ 20,000 രൂപ വീതമാണ്. ഈ തുക അടച്ചില്ലെങ്കിൽ ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണം. 354 ഐപിസിയിലെ വിവിധ വകുപ്പുകൾ പ്രകാരം 5 വർഷം വീതം കഠിന തടവും 10,000 രൂപ വീതം പിഴയും 11 (സെക്‌ഷൻ 3) വകുപ്പു പ്രകാരം 3 വർഷം കഠിന തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ.
കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. ലൈസൺ ഓഫിസർ സിവിൽ പൊലീസ് ഓഫിസർ പി.എം. ഷാനി കേസ് നടപടികൾ ഏകോപിപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി 18 സാക്ഷികളെ ഹാജരാക്കിയ കേസിൽ 15 രേഖകൾ തെളിവിനായി സമർപ്പിച്ചു. പ്രതിയെ മലപ്പുറം തവനൂർ സെൻട്രൽ ജയിലിലേക്കു കൊണ്ടുപോയി.