കാസര്‍കോട് കോട്ടിക്കുളത്ത് റെയില്‍വേ പാളത്തില്‍ കല്ലും ക്ലോസറ്റ് കഷണവും കണ്ടെത്തി. കോയമ്പത്തൂര്‍ മംഗ്ലൂരു ഇന്റര്‍സിറ്റി ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ഇവ കണ്ടത് . വിവരമറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പൊലീസും മേല്‍പറമ്പ് പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കണ്ണൂരിനും കാസര്‍കോടിനും ഇടയില്‍ പലയിടത്തും ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് നടന്നുവരുന്നതിനിടയിലാണ് പുതിയ സംഭവം.
ഉച്ചയ്ക്ക് 12 മണിയോടെ മംഗളൂരുവിൽ നിന്ന് കോയമ്പത്തൂരിലേക്കുള്ള ഇന്റര്‍സിറ്റി എക്സ്പ്രസിന്റെ ലോകോപൈലറ്റ് ആണ് കാസര്‍കോട്, കോട്ടിക്കുളത്ത് റെയിൽ പാളത്തില്‍ കല്ലും ക്ലോസറ്റ് കഷണവും കണ്ടത്. റെയില്‍വേ പൊലീസും മേല്‍പറമ്പ് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അട്ടിമറി സാധ്യതയടക്കമുള്ള കാര്യങ്ങളും പൊലീസ് പരിശോധിച്ചു വരുകയാണ്. കഴിഞ്ഞയാഴ്ച്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒരേ ദിവസം തന്നെ മൂന്ന് ട്രെയിനുകള്‍ക്ക് നേരെയാണ്കല്ലേറുണ്ടായത്. കഴിഞ്ഞ ദിവസം തലശ്ശേരിക്കും മാഹിക്കും ഇടയില്‍ വന്ദേഭാരത് എക്സ്പ്രസിന് നേരെയും കല്ലേറുണ്ടായി.
ഓണം സീസണ്‍ അടുത്തിരിക്കെ ട്രെയിനുകള്‍ക്ക് നേരെ അജ്ഞാതര്‍ കല്ലെറിയുന്നത് യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നുണ്ട്.ഇത്തരം കേസുകളില്‍ പ്രതികളെ പിടികൂടുവാനാകാത്തതും, ആശങ്കയുണര്‍ത്തുന്നു.